തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു

news image
Apr 3, 2024, 4:58 am GMT+0000 payyolionline.in

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി  ഒഡിഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്.  ട്രെയിനിന്‍റെ 11-ാമത് കോച്ചിന്റെ പിന്നിൽ വലതു ഡോറിന് സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽ നിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്ഐആറിൽ പറയുന്നു. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

 

ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താന്‍ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത പൊലീസിനോട് പറഞ്ഞത്. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്.

 

ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കൊല്ലപ്പെട്ട വിനോദ്. രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറിയത്. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ ഗ്യാങ്സ്റ്റര്‍ ആയിരുന്നു ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വിനോദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe