തൃശൂർ: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 18,000 പൂരപ്രേമികള്‍ക്ക് അധികമായി സ്വരാജ് റൗണ്ടില്‍ നിന്നുകൊണ്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാമെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ട് നടക്കുന്ന സ്ഥലവും പരിസരവും സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ പൂരപ്രേമികള്‍ക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സ്ഥല സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പം പി. ബാലചന്ദ്രന്‍ എം എല്‍ എ, മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, എഡിഎം ടി. മുരളി, തഹസില്‍ദാര്‍ ജയശ്രീ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, മറ്റു വകുപ്പ് ഉദ്യോഗ്യസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.