തൃശ്ശൂർ പൂരം; ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്

news image
Apr 25, 2023, 12:34 pm GMT+0000 payyolionline.in

തൃശ്ശൂർ: തൃശ്ശൂർ പൂരം കാണുന്നതിന് ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്കേര്‍പ്പെടുത്തി. ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ കൈവരികളും, കോണിപ്പടികൾ ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറുന്നത് അനുവദനീയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു.

വെടിക്കെട്ടും തെക്കോട്ടിറക്കവും കുടമാറ്റവും കാണുന്നതിന് ജനങ്ങൾ കയറാൻ സാധ്യതയുള്ള സ്വരാജ് റൗണ്ടിലേയും സമീപ പ്രദേശങ്ങളിലേയും അപകടാവസ്ഥയിലുള്ളതും, നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളുടെ സ്ഥിതിവിവരകണക്കുകൾ കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പും, സിറ്റി പൊലീസും ചേർന്ന് ശേഖരിച്ചിട്ടുണ്ട്. ഇതു പ്രകാരം അപകടാവസ്ഥയുള്ള 85 കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം 30 നാണ്‌ തൃശ്ശൂർ പൂരം. പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന്റെ മുന്‍ഭാഗം മുതല്‍ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതല്‍ എംജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്ക് പുറത്തും കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. ദൂര പരിധി സംബന്ധിച്ച കൂടുതൽ ചർച്ചകൾ പെസൊയുമായി നടത്തും. 28 ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് എം ജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe