ചെന്നൈ : തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോമറിൻ മേഖലക്ക് മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴ തുടരാൻ സാധ്യത. ഇന്നും നാളെയും (ഡിസംബർ 17&18) തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇന്ന് (ഡിസംബർ 17) തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17.12.2023 മുതൽ 19.12.2023 വരെ: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 18, 19 തീയതികളിൽ ലക്ഷദ്വീപ് തീരം അതിനോട് ചേർന്നുള്ള മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.