തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; വാർഡും ബൂത്തും അറിയാതെ വോട്ടർമാർ

news image
Nov 28, 2025, 9:57 am GMT+0000 payyolionline.in

വെള്ളമുണ്ട: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വാർഡും ബൂത്തും അറിയാതെ വോട്ടർമാർ. രാഷ്ട്രീയ പാർട്ടികളുടെ ഇംഗിതത്തിനനുസരിച്ച് വാർഡും ബ്ലോക്ക്-ജില്ല പഞ്ചായത്ത് ഡിവിഷനുകളും വിഭജിച്ചതിനാൽ പലരും തങ്ങളേത് വാർഡിലാണെന്ന് അറിഞ്ഞിട്ടില്ല.

വോട്ട് ചെയ്യേണ്ട ബൂത്ത് എവിടെയാണെന്ന് അറിയാത്തവരും നിരവധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പഴയതുപോലെ ദിവസങ്ങൾ കൂടുതലില്ലാത്തതും തിരിച്ചടിയായിട്ടുണ്ട്. പഴയ തെരഞ്ഞെടുപ്പു ചൂടും ചൂരും പല ഗ്രാമങ്ങളിലും ഇതുവരെ ഉയർന്നിട്ടില്ല. താമസം ഒരു വാർഡിലും വോട്ട് മറ്റൊരു വാർഡിലുമുള്ള നിരവധി പേരുണ്ട് പല സ്ഥലങ്ങളിലും. ഒരു മുറ്റത്ത് രണ്ട് വീടുകളിലായി താമസിക്കുന്നവർക്ക് രണ്ടു വാർഡുകളിലാണ് വോട്ട്.

വാർഡിന്റെ അതിര് അറിയാതെ തങ്ങളിപ്പോഴും പഴയ വാർഡിലാണെന്ന് കരുതി ഇരിക്കുന്നവരും നിരവധി. ആരൊക്കെയാണ് സ്ഥാനാർഥി എന്ന് ബഹുഭൂരിപക്ഷം ആദിവാസികൾക്കും അറിയില്ല. പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് ചെലവ് 25,000 രൂപയിൽ കൂടരുതെന്ന നിർദേശമുള്ളതിനാൽ റോഡുകളിൽ പഴയ ഉച്ചഭാഷിണി ബഹളങ്ങളും കാണാനില്ല.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പല വാർഡുകളിലും മറ്റ് വാർഡുകളിൽ താമസിക്കുന്നവരാണ് സ്ഥാനാർഥികൾ. അതുകൊണ്ടുതന്നെ വോട്ടർമാരെ കുറിച്ച് സ്ഥാനാർഥികൾക്കും വലിയ ധാരണയില്ല. മുന്നിൽ കാണുന്നവനോട് വോട്ട് ചോദിച്ച് മടങ്ങുമ്പോൾ ആ വോട്ടർ തന്റെ വാർഡിലല്ലെന്ന് സ്ഥാനാർഥി അറിയുന്നതുപോലുള്ള തമാശയും ഏറെയാണ്.

വനിത സംവരണമുള്ള വാർഡുകളിൽ പകൽ മാത്രമാണ് പ്രചാരണം നടക്കുന്നത്. ഇതുകാരണം എല്ലാ വോട്ടർമാരെയും കാണാൻ സമയം തികയാതെ നേതാക്കളും അണികളും പ്രതിസന്ധിയിലാണ്. ഇടതുപക്ഷ വനിത സ്ഥാനാർഥികൾ ഒരു പരിധിവരെ രാത്രിയിലും പ്രചാരണം നടത്തുന്നുണ്ടെങ്കിലും യു.ഡി.എഫിന് രാത്രി പ്രചാരണം പ്രയാസത്തിലാണ്. പഴയതുപോലെ സ്ഥാനാർഥിക്കൊപ്പം വീടുകയറി പ്രചാരണത്തിനും ഇത്തവണ ആള് കുറഞ്ഞിട്ടുണ്ട്. വാശിയേറിയ മത്സരം നടക്കുന്ന വാർഡുകളിൽ മാത്രമാണ് പ്രചാരണം പഴയതുപോലെ കൊഴുക്കുന്നത്.

സ്ഥാനാർഥിയെയും ബൂത്തും അറിയാൻ എളുപ്പമാർഗം

കൽപറ്റ: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in/election/candidate/viewCandidate എന്ന വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഏത് വാർഡിലെ സ്ഥാനാർഥിയെയും കുറിച്ച് അറിയാൻ സാധിക്കും. തുറന്നുവരുന്ന വിൻഡോയിൽ ജില്ല, ഏത് തദ്ദേശ സ്ഥാപനം, വാർഡ് എന്നിവ നൽകുകയാണ് വേണ്ടത്.

വാർഡ് അറിയില്ലെങ്കിൽ ജില്ലയുടെ പേര് നൽകിയാൽതന്നെ അവിടെയുള്ള പഞ്ചായത്തുകളുടെയും വാർഡുകളുടെയും വിവരങ്ങൾ തിരഞ്ഞെടുക്കാനാകും. വിൻഡോയിൽ കാണുന്ന കാപ്ച കൂടി ചേർത്ത് സെർച്ച് ബട്ടൻ ക്ലിക്ക് ചെയ്താൽ മുഴുവൻ വിവരങ്ങളും ലഭിക്കും. വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചിത്രം, പേര്, വയസ്സ്, വിലാസം, പാർട്ടി, ചിഹ്നം തുടങ്ങിയ സകല വിവരങ്ങളും കാണാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe