തെരുവുനായ് ആക്രമണം വീണ്ടും 5 പേർക്കു കൂടി കടിയേറ്റു

news image
Sep 14, 2022, 3:03 am GMT+0000 payyolionline.in

കോഴിക്കോട്: ജില്ലയിൽ രണ്ടിടത്തായി 5 പേരെ ഇന്നലെ തെരുവുനായ്ക്കൾ ആക്രമിച്ചു. പരുക്കേറ്റവരിൽ മുന്നു കുട്ടികളുമുണ്ട്. നാദാപുരം വിലങ്ങാട് പെട്രോൾ പമ്പിനു സമീപത്തു നിന്ന് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ജയസൂര്യയ്ക്കു (12) കാലിനു കടിയേറ്റു. താലൂക്ക് ആശുപത്രിയിൽ  ചികിത്സ നൽകി. കഴിഞ്ഞയാഴ്ച പത്തോളം പേരെ തെരുവുനായ് കടിച്ച ഇരിങ്ങണ്ണൂരിൽ റോഡിലടക്കം പട്ടികൾ വിലസുകയാണ്. വഴി യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത പരുവത്തിലാണ് പട്ടിക്കൂട്ടം അങ്ങാടി കയ്യടക്കിയത്. കല്ലാച്ചി, നാദാപുരം ടൗണുകളിലും പട്ടി ശല്യം രൂക്ഷമാണ്.

 

ഇന്നലെ വൈകിട്ട് മൂന്നരയോടെ കോഴിക്കോട് അരക്കിണർ ഗോവിന്ദ വിലാസം സ്കൂൾ ഇടറോഡിലും സമീപത്തുമായാണ് അരക്കിണർ വാക്കയിൽ നൗഫലിന്റെ മകൻ വി.നൂറാസ് (12), അരക്കിണറിലെ 6–ാം ക്ലാസ് വിദ്യാർഥിനി വൈഗ (11), താജുദ്ദീൻ (44), വെള്ളായിക്കോട് വീട്ടിൽ നളിനി (65) എന്നിവർക്കു കടിയേറ്റത്. നൂറാസിന്റെ കൈക്കും കാലിനും ഉൾപ്പെടെയാണു പരുക്ക്. സൈക്കിളിൽ സഞ്ചരിച്ചു കൊണ്ടിരുന്ന നൂറാസ് തെരുവുനായ്ക്കളെ കണ്ട് സൈക്കിൾ റോഡരികിൽ ഒതുക്കി നിർത്തുന്നതിനിടെയാണു ദേഹത്തേക്ക് അവ ചാടിയത്. നിലത്തു വീണ ഉടനെ വലതു കയ്യിലും കാലിന്റെ മുട്ടിലും തുടയിലും കടിച്ചു. വീഴ്ചയിൽ നെഞ്ചിനു മുഖത്തും പരുക്കേറ്റിട്ടുണ്ട്.

നടന്നു പോകുമ്പോഴാണു വൈഗയ്ക്കു കടിയേറ്റത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു താജുദ്ദീനെ ആക്രമിച്ചത്. താജുദ്ദീന്റെയും വൈഗയുടെയും കൈക്ക് കടിയേറ്റു. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൂറാസിനെയും താജുദ്ദീനെയും പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വീട്ടിലെ കോഴിയെ ആക്രമിക്കുന്നതു തടയുമ്പോഴാണു നളിനിക്കു കടിയേറ്റത്. മാറാട് പൊലീസ് സ്ഥലത്തെത്തി. പതിവായി ഇവിടെ കാണുന്ന നായയാണ് 4 പേരെയും ആക്രമിച്ചത്. നാട്ടുകാരും പൊലീസും നായയ്ക്കായി തിരച്ചിൽ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe