തെലങ്കാനയില്‍ പിതാവിന്റെ കണ്‍മുന്നില്‍ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്!

news image
Dec 20, 2022, 2:05 pm GMT+0000 payyolionline.in

ക്ഷേത്രത്തില്‍ പോവുന്നതിനിടെ, പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ ഒരു യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ വാര്‍ത്തയാവുകയും ചെയ്തതിനു പിന്നാലെയാണ്, സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്. തന്നെ തട്ടിക്കൊണ്ടുപോയത് കാമുകനാണെന്നും തങ്ങള്‍ വിവാഹം ചെയ്തുവെന്നുമുള്ള യുവതിയുടെ ട്വീറ്റ് പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ദിശമാറിയത്. തട്ടിക്കൊണ്ടുപോവല്‍ നാടകം തങ്ങള്‍ ആസൂത്രണം ചെയ്തതാണെന്നും ദലിത് യുവാവിനെ വിവാഹം ചെയ്യുന്നതിന് പിതാവും കുടുംബവും എതിരു നിന്നതിനെ തുടര്‍ന്നാണ് ഇതൊക്കെ സംഭവിച്ചതെന്നുമാണ് യുവതി പറയുന്നത്.

തെലങ്കാനയിലെ  രാജണ്ണ സിര്‍സില ജില്ലയിലെ മൂടപ്പള്ളി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിക്കാണ് കാറിലെത്തിയ യുവാക്കള്‍ കോളജ് വിദ്യാര്‍ത്ഥിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയത്.  പിതാവിനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു യുവതി. അന്നേരമാണ് കാറിലെത്തിയ സംഘം യുവതിയെ ബലമായി പിടിച്ച് കാറില്‍ കയറ്റി കൊണ്ടുപോയത്. ഇതു തടയാന്‍ പിതാവ് ശ്രമിക്കുന്നതും പരാജയപ്പെടുന്നതും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ പെട്ടെന്നെ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പട്ടാപ്പകല്‍ പിതാവിന്റെ കണ്‍മുന്നില്‍നിന്നും മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. ദേശീയ തലത്തില്‍ തന്നെ ഇത് വലിയ വാര്‍ത്തയായി. സര്‍ക്കാറിനെതിരെയും പൊലീസിന് എതിരെയും വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവല്‍കരിച്ച് അന്വേഷണമാരംഭിച്ചു.

എന്നാല്‍, മണിക്കൂറുകള്‍ക്കു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. യുവതി സംഭവത്തെക്കുറിച്ച് വിശദമായി പറയുന്ന വീഡിയോ ട്വീറ്റ് ചെയ്തു. തട്ടിക്കൊണ്ടുപോവല്‍ സംഭവത്തില്‍ പൊലീസ് തിരയുന്ന യുവാവായിരുന്നു വീഡിയോയില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്നത്. തങ്ങള്‍ വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും ഇപ്പോള്‍ വിവാഹിതരാണെന്നും യുവതി വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യുവാവിനൊപ്പം ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തുവെങ്കിലും അന്ന് താന്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ആ വിവാഹത്തിന് നിയമസാധുത ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പിതാവും കുടുബക്കാരും തന്നെ ബലമായി പിടിച്ചുകൊണ്ടു വരികയായിരുന്നു. അതിനു ശേഷം ഇപ്പോള്‍ പ്രായപൂര്‍ത്തിയായ സാഹചര്യത്തില്‍ നിയമപരമായി തന്നെ തങ്ങള്‍ വിവാഹിതരായതായി യുവതി പറയുന്നു. തങ്ങളിരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. കാമുകന്‍ ദലിത് വിഭാഗത്തില്‍ പെട്ടതിനാലാണ് കുടുംബക്കാര്‍ തങ്ങള്‍ക്കെതിരായത് എന്നും ഈ സാഹചര്യത്തിലാണ് തട്ടിക്കൊണ്ടുപോവല്‍ നാടകം നടത്തിയതെന്നും യുവതി പറഞ്ഞു.

യുവതിയുടെ വീഡിയോ ശ്രദ്ധയില്‍ പെട്ടതായും ഇക്കാര്യം അന്വേഷിച്ച് വേണ്ട തീരുമാനം എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe