ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കം തകർന്ന് വീണ് നിരവധി തൊഴിലാളികൾ കുടുങ്ങികിടക്കുന്നു. നിർമാണം നടക്കുന്ന തുരങ്കമാണ് തകർന്ന് വീണത്. തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് നിർമാണ കമ്പനി കണക്കെടുക്കുകയാണ്. ആറ് പേരെങ്കിലും തുരങ്കത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.അമരാബാദിലാണ് തുരങ്കത്തിന്റെ നിർമാണം നടക്കുന്നത്. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച തുരങ്കമാണ് തകർന്നത്. തുരങ്കത്തിന്റെ ഇടതുഭാഗം തകർന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട്, ഫയർഫോഴ്സ്, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവരോട് ഉടൻ സംഭവസ്ഥലത്തെത്താനും അദ്ദേഹം നിർദേശിച്ചു.
ജലസേചന വകുപ്പ് മന്ത്രി എൻ.ഉത്തം കുമാറും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര കൽക്കരി മന്ത്രി ജ.കിഷൻ റെഡ്ഡി സംസ്ഥാന സർക്കാറിൽ നിന്നും അപകടം സംബന്ധിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്.