ഹൈദരാബാദ്: തെലങ്കാന സർക്കാർ പദ്ധതിയായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രക്കെതിരെ പൊതുതാൽപ്പര്യ ഹരജി. തെലങ്കാന ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെതിരെയാണ് പൊതുതാൽപ്പര്യ ഹരജി. ബന്ദ്ലഗുഡ നിവാസിയായ എ. ഹരേന്ദർ കുമാറാണ് തെലങ്കാന ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്.
സൗജന്യ യാത്ര അനുവദിക്കുന്നത് ആർട്ടിക്കിൾ 15 ന്റെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. ‘അനാവശ്യ’ യാത്രകൾ മൂലം യഥാർഥ യാത്രക്കാർക്ക് അസൗകര്യങ്ങൾ നേരിടേണ്ടി വരുന്നതായും പൊതുതാൽപര്യ ഹരജിയിൽ പറയുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും സർക്കാർ ബസുകളിൽ സൗജന്യ യാത്ര തെലങ്കാനയിലെ കോൺഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സെപ്റ്റംബർ 18ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെയാണ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന മഹാലക്ഷ്മി പദ്ധതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കോൺഗ്രസ് പ്രഖ്യാപിച്ച ആറ് ഗ്യാരന്റികൾക്കും രേവന്ത് റെഡ്ഡി അംഗീകാരം നൽകിയിരുന്നു.