തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് പ്രതിയെന്ന് വ്യക്തമായി; ബന്ധുക്കളുടെ മേലുള്ള സംശയം നീങ്ങി; ഈസ്റ്റ് മൂഴിക്കൽ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്.

news image
Apr 22, 2026, 3:28 am GMT+0000 payyolionline.in

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പത്താം ക്ലാസ്സുകാരി നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൊബൈൽ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് പ്രതിയായ അദ്നാൻ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളും ശബ്ദരേഖകളും പരിശോധിച്ചതിലൂടെയാണ് കേസിൽ നിർണ്ണായകമായ ഈ തെളിവ് ലഭിച്ചത്. നസ്രീനയുടെയും അദ്നാന്റെയും ഉൾപ്പെടെ മൂന്ന് ഫോണുകളാണ് കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ കിണറ്റിൽ നിന്നും കണ്ടെടുത്തത്.

ഏപ്രിൽ 14-നായിരുന്നു സംഭവം നടന്നത്. പുലർച്ചെ വീട്ടിൽ കള്ളൻ കയറിയെന്ന സംശയത്തിൽ നസ്രീനയുടെ വല്യുമ്മയും ഉമ്മയും ഫോണിലേക്ക് വിളിച്ചിരുന്നു. ഈ സമയം ഫോൺ അദ്നാന്റെ കൈവശമായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായതോടെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി ഫോണുകൾ കിണറ്റിലെറിയുകയായിരുന്നു. അടുക്കളവാതിലിന്റെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി അറിയാമായിരുന്ന അദ്നാൻ, വാതിൽ തുറക്കുന്ന ശബ്ദം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

 

ഫോണുകൾ കിണറ്റിലിട്ടത് തെളിവ് നശിപ്പിക്കാനായി ബന്ധുക്കൾ ചെയ്തതാണോ എന്ന് പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. അദ്നാന്റെ സ്വഭാവദൂഷ്യത്തെച്ചൊല്ലി ബന്ധുക്കൾ മുൻപ് അവനെ മർദ്ദിച്ചിരുന്നതായും മൊഴികളുണ്ടായിരുന്നു. എന്നാൽ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ സംശയങ്ങൾ നീങ്ങി.

നസ്രീനയെ ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദ്നാൻ മറ്റൊരു മുറിയിൽ കയറി മൂക്കിലും വായിലും സെല്ലോ ടേപ്പ് ഒട്ടിച്ച് ജീവനൊടുക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe