തിരുവനന്തപുരം: തൊണ്ടിമുതലിൽ അട്ടിമറി നടത്തിയെന്ന കേസിൽ ആന്റണി രാജുവിന് ജാമ്യം. കേസിലെ ഒന്നാംപ്രതി കെ എസ് ജോസിനും കോടതി ജാമ്യം അനുവദിച്ചു. ആന്റണി രാജു കേസിൽ രണ്ടാം പ്രതിയാണ്. ശനിയാഴ്ചയാണ് പ്രതികൾ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് വിധി.
കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയായിരുന്നു. അതേസമയം, രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികള്‍ വീണ്ടും തുടങ്ങിയതെന്നും ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിക്കല്‍പ്പോലും കോടതിയില്‍ ഹാജരാകാതിരുന്നിട്ടില്ല. ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്- ആന്റണി രാജു പറഞ്ഞു.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ വസ്ത്രത്തിൽ മാറ്റം വരുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. 1990-ലാണ് സംഭവം. അന്ന് അഭിഭാഷകനായിരുന്നു ആന്റണി രാജു. കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടികൾ വേഗത്തിലായത്. വിധി പുറത്തുവന്നതോടെ ആന്റണി രാജുവിനെ നിയമസഭാ സെക്രട്ടറിയറ്റ് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി.
