തിരുവനന്തപുരം ∙ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ 3 വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനു എംഎൽഎ പദവി നഷ്ടമായി. ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിനു എംഎൽഎ പദവി നഷ്ടമായത്. ജനപ്രതിനിധിക്ക് 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനാവുമെന്ന സുപ്രീം കോടതിയുടെ വിധി യാണ് ആന്റണി രാജുവിനും ബാധകമായത്.
അതേസമയം ആന്റണി രാജുവിനു തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അയോഗ്യത നേരിടേണ്ടിവരും ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 8 (3) അനുസരിച്ചാണ് അയോഗ്യത. ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ 3 വർഷമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി.
