തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിദ്യാർത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കാര്യങ്ങളിൽ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വലിയ ശ്രദ്ധ വേണം.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികൾ ഇനിയും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി നേരത്തെ രംഗത്ത് വന്നിരുന്നു.
തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞിരുന്നു. നിയമപരമായ മാർഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില ഒരിക്കലും പാടില്ല.
പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. പൊലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇന്നലെ എസ് ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ എത്തിയാണ് കണ്ണപുരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് അറസ്റ്റ്.