തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം; വൈകിയാല്‍ നഷ്ടപരിഹാരം

news image
Nov 11, 2022, 12:20 pm GMT+0000 payyolionline.in

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാൻ ചട്ടം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്‍റെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നല്‍കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുശേഷം 15 ദിവസം കൂടി കഴിഞ്ഞാല്‍ സമാനമായ രീതിയില്‍ നഷ്ടപരിഹാരത്തിന്‍റെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും.

സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈ തുക ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വൈവിധ്യപൂര്‍ണവും നൂതനവുമായ പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. തൊഴിലാളികള്‍ക്ക് ഏറ്റവും കൃത്യമായി വേതനം ഉറപ്പാക്കുന്ന കാര്യത്തില്‍ രാജ്യത്ത് തന്നെ മുൻപന്തിയിലാണ് കേരളം. ആ മികവ് തുടരാൻ പുതിയ നടപടിയും സഹായകരമാകുമെന്ന് മന്ത്രി അറിയിച്ചു.

ഒരു പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്‍റ് ഇൻഫര്‍മേഷൻ സിസ്റ്റത്തില്‍ വിവരം സമര്‍പ്പിക്കണം. പരിശോധന ഉള്‍പ്പടെയുള്ള മറ്റ് നടപടികള്‍ പ്രവൃത്തി പൂര്‍ത്തിയായി അഞ്ച് ദിവസത്തിനുള്ളില്‍ നടത്തും. ആറ് ദിവസത്തിനുള്ളില്‍ വേതന പട്ടിക അക്കൗണ്ടന്‍റ്/ഐടി അസിസ്റ്റന്‍റ് തയ്യാറാക്കും. ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.

MGNREGA  മാനേജ്മെന്‍റ് ഇൻഫര്‍മേഷൻ സിസ്റ്റം തന്നെ വേതനം വൈകിയാല്‍ നഷ്ടപരിഹാരം ഉള്‍പ്പടെ തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കും വിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. സമയത്തിന് വേതനം നല്‍കുകയും വെബ്സൈറ്റില്‍ ചേര്‍ക്കാനാവാതിരിക്കുകയും ചെയ്യുക, പ്രകൃതി ദുരന്ത സാഹചര്യം, ഫണ്ട് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ ഘട്ടങ്ങളില്‍ ഒഴികെ എല്ലാസമയത്തും നഷ്ടപരിഹാരം ഉറപ്പാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe