ത്യാഗ സ്മരണയിൽ ബലി പെരുന്നാൾ; സംസ്ഥാനത്തെ പള്ളികളില്‍ പ്രത്യേക നമസ്കാരങ്ങള്‍

news image
Jun 29, 2023, 2:07 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇന്ന് ബലി പെരുന്നാൾ. ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്ളാം മത വിശ്വാസികള്‍ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകൾക്ക് നിയന്ത്രണമുണ്ട്.

ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാ ഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.

പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരം നടക്കും. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവിലേക്ക്. പരസ്പര സ്നേഹം പങ്കുവെച്ച്  ബലി പെരുന്നാള്‍ ദിവസത്തെ എല്ലാവരും ധന്യമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മ്മം ലോകത്തിന് നല്‍കുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നെന്നും സാദിഖലി ശിബാഹ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe