തിരുവനന്തപുരം : ലീഗൽ മെട്രോളജി വകുപ്പ് പരിശോധിച്ച് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളിൽ ത്രാസിന്റെ കൃത്യത ഒരു പ്രധാന ഘടകമാണ്.
ത്രാസിന് കൃത്യതയില്ലെങ്കിൽ നവജാത ശിശുക്കൾക്കും രോഗികൾക്കും മരുന്ന് നിശ്ചയിക്കുന്നതിലുൾപ്പെടെ വ്യത്യാസം ഉണ്ടാകുമെന്നതിനാലാണ് നടപടി. നഗരത്തിലെ ആറ് ആശുപത്രികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ഈടാക്കി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു. പൊതുജനങ്ങൾക്ക് 1800 425 4835 എന്ന ടോൾ ഫ്രീ നമ്പറിലും lmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ‘സുതാര്യം’ മൊബൈൽ ആപ്ലികേഷനിലൂടെയും പരാതി അറിയിക്കാവുന്നതാണ്.
ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൽ കാദറിന്റെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം സർക്കിൾ എസ്.എസ് ഇൻസ്പെക്ടർ ചന്ദ്രബാബു, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് പി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.