തൻറെ 10 ലക്ഷം ഓട്ടോ ഡ്രൈവർ കൊണ്ടുപോയെന്ന് പറ‌ഞ്ഞ് നടുറോഡിൽ വയോധികയുടെ കരച്ചിൽ, പരിശോധനയിൽ പണം വീട്ടിലെ അടുക്കളയിൽ

news image
Mar 26, 2026, 12:45 pm GMT+0000 payyolionline.in

തിരുവനന്തപുരം: ട്രഷറിയിൽ അടയ്ക്കാൻ കൊണ്ടുപോയ പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണം പുതിയ വഴിത്തിരിവിൽ. വലിയകലുങ്ക് സ്വദേശിനി ഓമനയമ്മ (60) ആണ് പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് റോഡിൽ കിടന്ന് പരിഭ്രാന്തി പരത്തിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം ഇവരുടെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നുമായി കണ്ടെടുത്തു. ഇന്നലെ രാവിലെ 11.30-ഓടെ വെള്ളനാട് സൊസൈറ്റി റോഡിന് സമീപമായിരുന്നു സംഭവം. വെള്ളനാട് ട്രഷറിയിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവർ തള്ളിയിട്ട് പത്തുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഇവർ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. പരിക്കേറ്റെന്ന് കരുതി ഇവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ക്രമം നടന്നത് അന്വേഷിക്കുന്നതിൻറെ ഭാഗമായി പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇവർ പറഞ്ഞ തരത്തിലുള്ള അക്രമങ്ങളോ ഓട്ടോയോ കണ്ടെത്താനായില്ല. ഇതോടെ പൊലീസിന് സംശയം തോന്നി. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ താൻ കള്ളം പറഞ്ഞതാണെന്ന് ഓമനയമ്മ സമ്മതിച്ചു. പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ട്രഷറിയിൽ അടയ്ക്കേണ്ട തുകയായിരുന്നു ഇത്. പണം തട്ടിയെടുക്കാനായി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു വ്യാജ അക്രമം.ചോദ്യം ചെയ്യലിൽ ലഭിച്ച വിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ 6 ലക്ഷം രൂപ ഇവരുടെ വീടിൻറെ അടുക്കളയിൽ നിന്നും, ബാക്കി തുക ആധാരമെഴുത്ത് ഓഫീസിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe