ദക്ഷിണേന്ത്യയെ ബി.ജെ.പി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കർണാടകയിലെ കോൺഗ്രസിന്റെ മിന്നും വിജയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയോടുള്ള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. എന്നാല്‍ ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണമെന്നും ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ കോൺഗ്രസിന്റ നിയമസഭാ കക്ഷിയോഗം നാളെ ബെംഗളുരുവില്‍ ചേരും. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ജനങ്ങളുടെ ജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ വിജയത്തില്‍ രാജ്യമെങ്ങുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. ഉജ്ജ്വലവിജയമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും പ്രതികരിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വിജയം രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.