തിരുവനന്തപുരം: ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ അവരുടെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി വനിത കമീഷൻ ചെയർപേഴ്സൺ പി. സതിദേവി. തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന ജില്ലതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ഈ കുട്ടികളിൽ പലർക്കും കൗൺസിലിങ് ആവശ്യമായിവരുന്നു.
ഒരേ വീട്ടിൽ താമസിക്കുന്ന ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഒരു ബന്ധവുമില്ല. അദാലത്തിന് അവർ വരുന്നത് ഒരു വീട്ടിൽനിന്നാണ്. എന്നാൽ, വീടിനുള്ളിൽ ഉറക്കവും പാചകവും വെവ്വേറെയും. അവരുടെ കുട്ടികളിൽ ഇതുണ്ടാക്കുന്ന മാനസികാഘാതം വലുതാണ്. കുട്ടികളുടെ പഠനത്തെയും ജീവിതത്തെയും കാഴ്ചപ്പാടിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ദമ്പതിമാരുടെ വിവാഹേതര ബന്ധങ്ങളും തെറ്റായ സന്ദേശമാണ് കുട്ടികൾക്ക് നൽകുന്നത്. വിവാഹമേ വേണ്ട എന്ന ചിന്തയിലേക്കും അവർ മാറിപ്പോകുന്നുണ്ട്. നിയമപരമായ അവകാശത്തിനായി ഭാര്യ പരാതിപ്പെടുമ്പോൾ ആ നിയമത്തിന്റെ പരിധിയിൽനിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോകുന്ന ഭർത്താക്കന്മാരുമുള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള രണ്ട് കേസുകൾ അദാലത്തിന്റെ പരിഗണനക്ക് വന്നു. ഈ കേസുകളിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ലിവിങ് ടുഗദറിന്റെ അർത്ഥം മനസ്സിലാക്കാതെയാണ് പലരും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നതെന്ന് ചില പരാതികളിൽനിന്ന് മനസ്സിലാകുന്നു. സാധാരണ വിവാഹബന്ധം വേർപിരിയുന്ന പോലെയാണ് ലിവിങ് ടുഗതർ ബന്ധങ്ങളെയും സ്ത്രീകൾ കാണുന്നത്. നിയമത്തെക്കുറിച്ച് പുരുഷന്മാർ ബോധവാന്മാരുമാണ്. ഇതുസംബന്ധിച്ച സ്ത്രീകൾക്ക് അവബോധം നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
പരിഗണിച്ച 300 പരാതികളിൽ 64 എണ്ണം പരിഹരിച്ചു. 18 പരാതികളിൽ റിപ്പോർട്ട് തേടി. ആറ് പരാതികൾ കൗൺസിലിങ്ങിന് അയച്ചു. 212 പരാതികൾ തുടർന്നും കേൾക്കാനായി അടുത്തമാസത്തെ അദാലത്തിലേക്ക് മാറ്റി. കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. ഡയറക്ടർ ഷാജി സുഗുണൻ, സി.ഐ ജോസ് കുര്യൻ, എസ്.ഐ മിനുമോൾ, അഭിഭാഷകരായ രജിത റാണി, അഥീന, അശ്വതി, കൗൺസിലർ സിബി എന്നിവരും അദാലത്തിൽ പരാതികൾ പരിഗണിച്ചു.