കണ്ണൂർ: ദളിത് ജനവിഭാഗത്തോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക നിര്‍ത്തലാക്കിയത്. എന്നാല്‍, അതു ചൂണ്ടിക്കാട്ടി ആ പദ്ധതി നിര്‍ത്തലാക്കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന ആദിവാസി- ദളിത് വിഭാഗങ്ങളുമായി മുഖാമുഖത്തിൽ സംസാരിക്കുകയായരുന്നു മുഖ്യമന്ത്രി.
രണ്ടര ലക്ഷത്തിനുമേല്‍ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനും ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പിന്നാക്കവിഭാഗ വിദ്യാർഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനും ആവശ്യമായ തുക പൂർണമായും സംസ്ഥനം നല്‍കുമെന്ന് തീരുമാനിക്കുകയായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയാണിത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന കരുതലിന്റെ തെളുവകളാണിതെല്ലാം.
സംസ്ഥാന ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ഏടാണ് മുത്തങ്ങ വെടിവെയ്പ്. നവോത്ഥാനത്തിനും പുരോഗമന മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഈ നാട്ടില്‍ ഭൂമിക്ക് വേണ്ടി സമരത്തിനിറങ്ങിയ ആദിവാസികളെ വെടിവെച്ചു കൊന്ന ഒരു സംഭവം ഉണ്ടായി എന്നത് നാടിനു തന്നെ അപമാനകരമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മുത്തങ്ങയിലെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോവുകയാണ് ചെയ്തത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതും ഭൂമി അനുവദിക്കേണ്ടതുമായ 37 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം അനുവദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പഠനമുറി പദ്ധതിയും രാജ്യത്തിനാകെ മാതൃകാപരമാണ്. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് മാത്രം നല്‍കിവന്നിരുന്ന പഠനമുറി പദ്ധതി വിപുലീകരിച്ചു. അഞ്ചു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെയും കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാർഥികളെക്കൂടി ഇപ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5,000 കുട്ടികള്‍ക്കാണ് പഠനമുറി അനുവദിച്ചത്.
പട്ടികജാതി -ആദിവാസി വിഭാഗങ്ങളുടെ ഡിജിറ്റല്‍ പഠനം ഉറപ്പാക്കുന്നതിനായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതിരുന്ന 1,284 ഊരുകളില്‍ 1,083 ലും ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചു. ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്താനായി 4.31 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. 9.48 കോടി രൂപ ചിലവില്‍ സി-ഡാക്കുമായി ചേര്‍ന്ന് ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിക്ക് വയനാട്ടില്‍ തുടക്കം കുറിച്ചു. ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കീഴിലെ എല്ലാ വായനശാലകളിലും പട്ടികജാതി പട്ടികവർഗ വിഭാഗം വിദ്യാർഥികള്‍ക്ക് സൗജന്യ അംഗത്വം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 54 സാമൂഹ്യ പഠനമുറികളിലും ഇതിന്റെ ഭാഗമായി പുസ്തക ശേഖരം ഉറപ്പാക്കും. വൈദ്യുതി എത്താത്ത 19 പട്ടികവർഗ കോളനികളില്‍ വൈദ്യുതി എത്തിച്ചു. വെട്ടിവിട്ടക്കാട്ടില്‍ 92.45 ലക്ഷം രൂപ ചിലവിലാണ് 13 കുടുംബങ്ങള്‍ക്കായി വൈദ്യുതി എത്തിച്ചത്. 18.45 കോടി രൂപ ചിലവില്‍ ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമാണ പ്രവർത്തികളും ആരംഭിച്ചു.
സംസ്ഥാനത്തെ എല്ലാ പട്ടികവർഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും, അവ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്‌കരിച്ച എ.ബി.സി.ഡി പദ്ധതി മികച്ച നിലയില്‍ മുന്നോട്ടു പോവുകയാണ്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. വയനാട്, പാലക്കാട് ജില്ലകളില്‍ പൂര്‍ത്തീകരിച്ച ഈ പദ്ധതി മറ്റെല്ലാ ജില്ലകളിലും പൂര്‍ത്തീകരണത്തോടടുക്കുകയാണ്.
പട്ടികജാതി-വർഗ വിഭാഗക്കാര്‍ക്ക് നിയമപരിരക്ഷയും പുനരധിവാസവും ഉറപ്പാക്കാനായി ജ്വാല – ജസ്റ്റിസ്, വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ അസിസ്റ്റന്‍സ് എന്ന പദ്ധതി ആരംഭിച്ചു. നിയമ ബിരുദം നേടിയ പട്ടികജാതി -വർഗ വിഭാഗങ്ങളിലെ യുവതീ-യുവാക്കള്‍ക്ക് അഡ്വക്കറ്റ് ജനറല്‍, ഗവ. പ്ലീഡര്‍, സീനിയര്‍ അഭിഭാഷകര്‍ എന്നിവരുടെ ഓഫീസുകളിലും സ്‌പെഷ്യല്‍ കോടതികളിലും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിലും പരിശീലനം നല്‍കി തൊഴില്‍ വൈദഗ്ദ്ധ്യം നേടുവാന്‍ അവരെ പ്രാപ്തരാക്കാനും ഈ പദ്ധതി ഉപകരിക്കും. ഇത്തരത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്താനുതകുന്ന നിരവധി പദ്ധതികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.