‘ദിലീപിനെ കണ്ടപ്പോൾ ജഡ്‌ജി എഴുന്നേറ്റു’; നടിയെ ആക്രമിച്ച കേസിൽ ജഡ്‌ജിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കാൻ ഉത്തരവ്

news image
Jan 15, 2026, 11:04 am GMT+0000 payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണക്കോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചയാൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോൾ ജഡ്‌ജി എഴുന്നേറ്റ് നിന്നുവെന്നടക്കം ആരോപണം ഉന്നയിച്ച ചാൾസ് ജോർജിനെതിരെയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒയോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്. അഭിഭാഷകരായ രാഹുൽ ശശിധരൻ , ഗിജീഷ് പ്രകാശ് എന്നിവർ മുഖേനേ പി.ജെ പോൾസൺ നൽകിയ പരാതിയിലാണ് ഉത്തരവ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് എറണാകുളം സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. പിന്നാലെ എറണാകുളം ജില്ലാ കോടതി കോംപ്ലക്‌സിന് മുന്നിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ച ചാൾസ് ജോർജ്ജ് ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിധിപറഞ്ഞ ദിവസം കോടതിയിൽ ഉണ്ടായിരുന്ന ആളാണ് താനെന്ന അവകാശവാദത്തോടെയായിരുന്നു പ്രതികരണം. വിധി പക്ഷപാതപരമാണെന്നും , പ്രതി കോടതിയിൽ വരുമ്പോൾ ജഡ്ജ് ബഹുമാനപൂർവ്വം എഴുന്നേറ്റ് നിൽകാറുണ്ടെന്നും, വിധി നീചമാണെന്നും യഥാർത്ഥ പ്രതികൾ രക്ഷപെട്ടു എന്നും ചാൾസ് ജോർജ് പ്രതികരിച്ചിരുന്നു. ഈ ആരോപണം ബോധപൂർവ്വം പൊതുജനത്തെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകർക്കാനും ലക്ഷ്യമിട്ടുള്ളതെന്നാണ് പരാതി.

ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 192, കേരള പോലീസ് ആക്ടിലെ സെക്ഷൻ 118(ഡി) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ് എതിർകക്ഷി ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഈ സംഭവത്തിൽ ചാൾസ് ജോർജ്ജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചാൾസ് ജോർജ്ജ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ അടങ്ങിയ ഒരു യുഎസ്ബി ഫ്ലാഷ് ഡ്രൈവും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും സെൻട്രൽ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe