ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോര്‍ന്നു‍വെന്ന ആരോപണം അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

news image
Dec 10, 2025, 1:16 pm GMT+0000 payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. കേസിന്റെ വിധി വരുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് സംഘടനക്ക് ഊമക്കത്ത് ലഭിച്ചുവെന്നും കത്തിലെ വിവരങ്ങള്‍ വിധിയുമായി സാമ്യമുള്ളതാണെന്നും കത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഇന്ത്യന്‍ പൗരന്‍’ എന്ന പേരിലെഴുതിയ ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി.

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചുവെന്ന് പറയുന്നു. കേസില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്,ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും ഊമക്കത്തില്‍ പറയുന്നുവെന്നാണ് വിവരം.

ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗ്ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കി. ശേഷം ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും ഊമക്കത്തില്‍ പരാമര്‍ശിക്കുന്നതായി പരാതിയില്‍ പറയുന്നു. വിധി ചോര്‍ന്നോ എന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഈ ഊമക്കത്തിന്റെ നിജസ്ഥിതിയും ലക്ഷ്യവും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗം ഇതില്‍ അന്വേഷണം നടത്തണമെന്നുമാണ് അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe