ദില്ലി: വെള്ളിയാഴ്ച വൈകുന്നേരം ദില്ലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചു. പൊടിക്കാറ്റിന് പിന്നാലെ മഴയും പെയ്തതോടെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകിയെന്നും അധികൃതർ അറിയിച്ചു. കുറഞ്ഞ ദൃശ്യപരതയും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളെ ബാധിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ദില്ലിയിൽ കനത്ത മഴ, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാത്രി 9 വരെ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമെന്നും മേഖലയിലുടനീളം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും ഐഎംഡി അറിയിച്ചു.
ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 80 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഈ കാലയളവിൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. നഗരത്തിന്റെ ചില ഭാഗങ്ങളിൽ ആലിപ്പഴം വീഴാനുള്ള സാധ്യത കൂടുതലാണ്.