പത്തനംതിട്ട: ദില്ലി പൊലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് ന്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരി അനുഷ പോള്‍. ന്യൂസ് ക്ലിക്കിനെതിരായ കേസിന്‍റെ ഭാഗമായി ദില്ലി പൊലീസ് വീട്ടിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുഷ പോള്‍. ന്യൂസ് ക്ലിക്കിന്‍റെ മുന്‍ ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ ഐക്കാട് സ്വദേശി അനുഷ പോളിന്‍റെ വീട്ടിലാണ് ഡല്‍ഹി പൊലീസ് എത്തിയത്. മൊഴിയെടുത്തശേഷം മൊബൈല്‍ ഫോണും ലാപ്ടോപ്പും ബാങ്ക് രേഖകളും ഡല്‍ഹി പൊലീസ് പിടിച്ചെടുത്തുവെന്നും ഭീഷണിയുടെ സ്വരത്തിലാണ് പൊലീസ് സംസാരിച്ചതെന്നും അനുഷ പറഞ്ഞു.
നാലുവർഷക്കാലം ന്യൂസ് ക്ലിക്കിന്‍റെ ഇൻറർനാഷണൽ ഡെസ്കിലെ ലേഖികയായിരുന്നു അനുഷ പോൾ. ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി ട്രഷറർ കൂടിയാണ്. ഇവർ അടുത്ത കാലത്താണ് പത്തനെതിട്ടയിൽ സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് ദില്ലിയില്‍നിന്നും പ്രത്യേക അന്വേഷണ സംഘം എത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാഗമായി മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തത്. നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ദില്ലി പൊലീസ് സംസ്ഥാന പൊലീസിനോട് പങ്കുവെച്ചിട്ടില്ല.
അതേ സമയം, യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്‍റെയും എച്ച് ആര്‍ മേധാവിയുടെയും അറസ്റ്റിന്‍റെ കാരണം റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. 2019ലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത ഗൂഢാലോചന നടത്തിയെന്നതടക്കം എഫ്ഐഐറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്..