പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദില്ലി സ്ഫോടനം അന്വേഷിക്കാൻ 10 അംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് എൻ ഐ എ. പ്രത്യേക അന്വേഷണ സംഘത്തെ എൻ ഐ എ എഡിജിയും കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ വിജയ് സാഖറെ നയിക്കും. ജമ്മു കശ്മീർ, ദില്ലി പൊലീസിൽ നിന്നും അന്വേഷണ സംഘം വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നിലവിൽ പൊട്ടിത്തെറിച്ച കാർ വിറ്റ കാർ ഡീലർ അടക്കം അറസ്റ്റിലായിട്ടുണ്ട്. ഇന്നലെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ഔദ്യോഗികമായി അന്വേഷണം എൻ ഐ എക്ക് കൈമാറിയത്.
അതേസമയം, ദില്ലി സ്ഫോടനത്തിന്‍റ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സ്ഫോടനം നടക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിഗ്നലിന് പിൻവശത്തെ സിസിടിവി ദൃശ്യങ്ങളാണ് ഇതിലുള്ളത്. പൊട്ടിത്തെറിക്ക് പിന്നാലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി. ഇതുപോലുള്ള കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചേക്കും.
