ദിവ്യക്കെതിരെ നടപടി വേണമെന്ന് സഹോദരൻ; ‘ഇന്ന് തന്നെ പൊലീസ് നവീൻ ബാബുവിന്റെ ഭാര്യയുടെ മൊഴി എടുത്തത് ശരിയായില്ല’

news image
Oct 17, 2024, 11:46 am GMT+0000 payyolionline.in

പത്തനംതിട്ട: കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് എഡിഎം നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു. പിപി ദിവ്യക്കെതിരെ നടപടി വേണമെന്നും പ്രവീൺ ബാബു പറഞ്ഞു. ഇന്ന് തന്നെ പൊലീസ് എത്തി നവീൻ ബാബുവിന്റെ ഭാര്യയുടെ മൊഴി എടുത്തത് ശരിയായില്ലെന്നും പ്രവീൺ മാധ്യമങ്ങളോട് പ്രതികരിച്ചു. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനുമെതിരെ നവീന്‍റെ കുടുംബം പരാതി നല്‍കിയിരുന്നു. ആ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് കുടുംബം അറിയിക്കുന്നത്.

അതേസമയം, നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ പ്രതിചേര്‍ത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിട്ടും ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കുന്നതടമുളള കാര്യങ്ങളില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല.

നാടാകെ നടുങ്ങിയ ഒരു മരണം നടന്ന് മൂന്ന് നാള്‍ പിന്നിടുകയും ജനരോഷം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് നിര്‍ണായക നീക്കങ്ങളിലേക്ക് കടന്നത്. പൊതുവേദിയില്‍ എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ ആത്മഹത്യ കുറ്റം ചുമത്തി കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റം ചുമത്തിയാണ് പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

നവീന്‍ ബാബുവിന്‍റെ മരണത്തിന് പിന്നാലെ അസ്വഭാവിക മരണത്തിന് കേസ് എടുത്തിരുന്ന പൊലീസ് ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. നിലവില്‍ ദിവ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുളളതെങ്കിലും കൂടുതല്‍ പേര്‍ പ്രതികളാകാനും സാധ്യതയുമുണ്ട്. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനുമെതിരെ നവീന്‍റെ കുടുംബം പരാതിയും നല്‍കിയിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്ത സാഹചര്യത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യുന്നതടക്കമുളള കാര്യങ്ങളില്‍ പൊലീസ് അവ്യക്തത തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe