ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിച്ചെന്ന് എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ വാദം; എതിർത്ത് പ്രൊസിക്യൂഷൻ

news image
Nov 5, 2024, 9:11 am GMT+0000 payyolionline.in

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ വാദം. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിലാണ് കുടുംബത്തിൻ്റെ അഭിഭാഷകൻ ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ പ്രൊസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്ത് കോടതിയിൽ നിലപാടെടുത്തു. പൊലീസ് ദിവ്യക്ക് വേണ്ടി ഒരു ഒളിച്ചുകളിയും നടത്തിയില്ലെന്ന് പ്രൊസിക്യൂഷൻ നിലപാടെടുത്തു. എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന വാദത്തെയും പ്രൊസിക്യൂഷൻ എതിർത്തു.

രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാന വാദം. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കളക്ടർ നിഷേധിച്ചത്. കളക്ടർ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല. ലീവ് നൽകാറില്ല. അത്തരത്തിൽ അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. ആരെങ്കിലും മാനസിക ഐക്യം ഇല്ലാത്ത ആളോട് കുറ്റസമ്മതം നടത്തുമോ? റവന്യു അന്വേഷണത്തിൽ കളക്ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്. സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണം എന്ന് പറഞ്ഞു വരുമ്പോൾ ജില്ലാ പഞ്ചായത്ത്‌ ആധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ കേസ് എടുക്കേണ്ടതാണ്. ദിവ്യയുടെ ഭർത്താവിനൊപ്പം ജോലിചെയ്യുന്ന ആളാണ് പ്രശാന്തൻ. എന്നാൽ ഇതുവരെ ഇദ്ദേഹത്തിനിതിരെ കേസെടുത്തില്ല. 14ാം തിയ്യതി വരെ അഴിമതി നടത്തിയെന്നോ, പണം വാങ്ങി എന്നോ ദിവ്യ ആരോപണം ഉണ്ടായിരുന്നില്ല. അനുമതി വൈകിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നത്. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴി ഇത് വരെ രേഖപെടുത്തിയില്ല. ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിച്ചു നടന്നു. കീഴടങ്ങിയത് നന്നായി. അല്ലങ്കിൽ ഒളിച്ചു കളി തുടർന്നേനെ. കളക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കളക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe