ഷൊർണൂർ: ഒ.ടി.എസ് 2023 െൻറ ഭാഗമായി കുടിശ്ശിക തീർക്കുന്നവർക്ക് സമ്മാനപദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. 2023 ജൂലൈ 20 മുതൽ കുടിശ്ശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിവരികയാണ്. ഇതോടൊപ്പമാണ് ദീർഘകാല കുടിശ്ശികക്കാർക്ക് ആകർഷക സമ്മാനപദ്ധതി പ്രഖ്യാപിച്ചത്. കുടിശ്ശിക അടക്കുന്നവരിൽ നിന്ന് സോഫ്റ്റ് വെയർ മുഖേന നറുക്കെടുപ്പിലൂടെ ഭാഗ്യവാനെ കണ്ടെത്തുന്നതാണ് പദ്ധതി. തെരഞ്ഞെടുക്കപ്പടുന്നവർക്ക് അടച്ച പലിശത്തുകയുടെ നാല് ശതമാനം തുകയോ, പരമാവധി 10,000 രൂപയോ സമ്മാനമായി ലഭിക്കും.
സർക്കിൾ അടിസ്ഥാനത്തിലാണ് സമ്മാനം. നവംബർ 30 വരെ അടച്ചവരിൽ നിന്ന് ഡിസംബർ ആദ്യവാരവും ഡിസംബറിൽ അടച്ചവരിൽ നിന്ന് ജനുവരി ആദ്യവാരവും നറുക്കെടുക്കും. നിലവിൽ 18 ശതമാനം പലിശ വരുന്ന വൈദ്യുതി കുടിശ്ശികക്ക് വലിയ ഇളവുകൾ ലഭിക്കും. 15 വർഷത്തിലധികം കുടിശ്ശികയുള്ളവർക്ക് നാല് ശതമാനവും, അഞ്ച് മുതൽ 15 വർഷം വരെയുള്ളവർക്ക് അഞ്ച് ശതമാനവും, രണ്ട് മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികക്ക് ആറ് ശതമാനവുമെന്ന രീതിയിൽ പണമടച്ച് കുടിശ്ശിക തീർപ്പാക്കാം.
കുടിശ്ശിക മൊത്തം അടക്കുന്നവർക്ക് രണ്ട് ശതമാനം റിബേറ്റ് നൽകും. ഇതിനായുള്ള അപേക്ഷകൾ ഡിസംബർ 26 വരെ അതത് സെക്ഷൻ ഓഫിസുകളിൽ സ്വീകരിക്കും. കുടിശ്ശിക നിവാരണ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി എൻജിനീയർ മായ തമ്പാൻ അറിയിച്ചു.