ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ മരിച്ച യാക്കൂബിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്

news image
Oct 21, 2023, 11:47 am GMT+0000 payyolionline.in

ദുബൈ: ദുബൈ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം തിരൂര്‍ മുറിവഴിക്കല്‍ യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. ശനിയാഴ്ച രാത്രി 10 മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഷാര്‍ജ വഴി കോഴിക്കോടേക്ക് മൃതദേഹം കൊണ്ടുപോകുക.

യാക്കൂബിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ദുബൈ മുഹൈസിന എമ്പാമിങ് സെന്ററിൽ പൊതുദർശനത്തിന് വെക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം അപകടത്തില്‍ മരിച്ച മറ്റൊരു മലയാളിയായ നിധിൻ ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ബുധന്‍ പുലര്‍ച്ചെ 12.20ന് കരാമ  ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഫ്‌ലാറ്റില്‍ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയവരെ ഉള്‍പ്പെടെ തീ നാളങ്ങള്‍ പാഞ്ഞെത്തി തെറിപ്പിച്ചു. രണ്ട് പേര്‍ ബാത്‌റൂമുകളിലായിരുന്നു.

അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ദുബൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിധിന്‍ ദാസ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ നിധിന്‍ ദാസിന് ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe