ദുബൈ പ്രവാസിയായ നീരജ് നാട്ടിലെത്തിയത് സുഹൃത്തിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ; ഭാര്യക്കൊപ്പം കശ്മീർ കണ്ട് മടങ്ങാനിരിക്കെ ഭീകരർ ജീവനെടുത്തു

news image
Apr 24, 2025, 8:48 am GMT+0000 payyolionline.in

കശ്മീർ താഴ്വരയുടെ മനോഹര ദൃശ്യങ്ങളിൽ മയങ്ങിയിരിക്കുമ്പോഴാണ് മരണദൂതുമായി ഭീകരർ സഞ്ചാരികളുടെ മുന്നിലേക്കെത്തിയത്. ഓരോരുത്തരുടെ പേരുകൾ പ്രത്യേകം ചോദിച്ചറിഞ്ഞായിരുന്നു ആക്രമണം. പുരുഷൻമാരെ സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും മാറ്റി നിർത്തി. അങ്ങനെ ഭീകരർ നിഷ്‍കരുണം വധിച്ച 29 പേരിൽ ഒരാളാണ് ദുബൈ പ്രവാസിയായ ജയ്പൂർ സ്വദേശി നീരജ് ഉധ്വാനി.

ഭാര്യക്കൊപ്പമാണ് നീരജ് കശ്മീരിലെത്തിയത്. ചെറുപ്പം മുതൽ ദുബൈയിലാണ് ഈ 33കാരൻ വളർന്നത്. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഫിനാൻസ് മേഖലയിലായിരുന്നു ജോലി. 2023ലായിരുന്നു നീരജിന്റെയും ആയുഷിയുടെയും വിവാഹം. ഷിംലയിൽ സുഹൃത്തിന്റെ വിവാഹ ചടങ്ങുകളിൽ സംബന്ധിക്കാനാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ദുബൈയിലെ കുറച്ച് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. വിവാഹത്തിൽ പ​ങ്കെടുത്തതിന് ശേഷമാണ് നീരജും ആയുഷിയും പഹൽഗാമിലെത്തിയത്. കശ്മീർ സന്ദർശനം പൂർത്തിയാക്കി ദുബൈയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. ആക്രമണം നടക്കുമ്പോൾ നീരജിന്റെ ഭാര്യ ഹോട്ടൽ മുറിയിലായിരുന്നു.

ഭീകരാക്രമണത്തിന്റെ വിവരമറിഞ്ഞയുടൻ നീരജിന്റെ സഹോദരൻ കിഷോർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പിലാണ് കിഷോർ ജോലി ചെയ്യുന്നത്. നീരജിന്റെ പിതാവ് പ്രദീപ് കുമാർ ഉധ്വാനി മരിച്ചിട്ട് കുറച്ചു വർഷങ്ങളായി. ജയ്പൂരിൽ അമ്മക്കൊപ്പം കിഷോറും കുടുംബവുമാണുള്ളത്. നീരജിന്റെ ഭൗതിക ശരീരം ജയ്പൂരിലെത്തുന്നത് കാത്തിരിക്കുകയാണ് കുടുംബം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe