കോട്ടയം: കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുന്നു. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കൊച്ചിയിലും മഴ ശക്തമാണ്. കളമശ്ശേരിയിൽ ഏകദേശം 400 ഓളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറി. നിലവിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ കളമശ്ശേരിയിൽ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി ഗവൺമെന്റ് സ്കൂളിലും, എച്ച്എംടി സ്കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. മന്ത്രി പി രാജീവ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കളമശ്ശേരി പത്തടിപ്പാലം മ്യൂസിയം നഗറിൽ നിർത്തിയിട്ടിരുന്ന കാർ വെള്ളകെട്ടിൽ ഒഴുകിപ്പോകാൻ തുടങ്ങിയതോടെ പ്രദേശവാസികളും കയറികെട്ടി വലിച്ച് കയറ്റി.