പത്തനംതിട്ട: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വ്യാജ നമ്പർപ്ലേറ്റുമായി ഓടിയ ട്രെയ്ലർ മോട്ടോർവാഹനവകുപ്പ് പിടികൂടി. 1.85 ലക്ഷം രൂപ പിഴയീടാക്കി. പത്തനംതിട്ടയിൽ ചൊവ്വാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. ആലപ്പുഴ ദേശീയപാത നിർമാണത്തിനായി ചേർത്തലയിലേക്ക് സാമഗ്രികളുമായി പോയ ട്രെയ്ലറാണ് വെട്ടിപ്രത്ത് പിടികൂടിയത്. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള വാഹനമാണ്.ഒരാഴ്ചമുൻപ് നടന്ന പരിശോധനയിൽ ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള ട്രെയ്ലറുകളിൽ ചിലതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും കേരളത്തിൽ ഓടാനുള്ള താത്കാലിക പെർമിറ്റും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, കേസെടുക്കുകയും വാഹനം ഓടിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ, ഇത് ആവർത്തിച്ചു.
ചൊവ്വാഴ്ച ലോഡുമായെത്തിയ ട്രെയ്ലർ ഉദ്യോഗസ്ഥർ തടഞ്ഞു. പരിശോധനയിൽ രേഖകൾ കൃത്യമാണെന്ന് കണ്ടെത്തി. എന്നാൽ താത്കാലിക പെർമിറ്റും ഹൈ സെക്യൂരിറ്റി നമ്പർപ്ലേറ്റും ഇല്ലെന്നു വ്യക്തമായി. രജിസ്ട്രേഷനിലുള്ള ചേസിസ് നമ്പറല്ല വാഹനത്തിൽ കണ്ടത്. വാഹനത്തിലെ ചേസിസ് നമ്പർ തിരഞ്ഞപ്പോൾ രേഖകളില്ലാത്ത വാഹനത്തിന്റെ വിവരമാണ് ലഭിച്ചത്. കരാർ കമ്പനിയുടെ മറ്റൊരു വാഹനത്തിന്റെ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് ഇതും ഓടിയത്. അമിതഭാരം കയറ്റിയതിനും ഫിറ്റ്നസ്, ടാക്സ് തുടങ്ങിയവ ഇല്ലാത്തതിനും ചേർത്താണ് 1.85 ലക്ഷം രൂപ പിഴയീടാക്കിയത്. ദേശീയപാത നിർമാണത്തിന് കരാറോടുന്ന ഇത്തരം അന്യസംസ്ഥാന വാഹനങ്ങൾ നികുതി വെട്ടിക്കുന്നതിനുവേണ്ടിയാണ് മതിയായ രേഖകളില്ലാതെ ഓടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.