വടകര: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അഴിയൂർ റീച്ചിൽ സംരക്ഷണ ഭിത്തി നിർമിക്കാതെ മണ്ണെടുപ്പ്. അഴിയൂർ റീച്ചിൽ മീത്തലെ മുക്കാളിക്കും താഴെ കണ്ണൂക്കരക്കുമിടയിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്താണ് സംരക്ഷണ ഭിത്തി നിർമിക്കാതെ മണ്ണ് നീക്കംചെയ്തത്. 50 അടിയോളം ഉയരമുള്ള ഭാഗത്തുനിന്നാണ് മണ്ണ് നീക്കിയത്. കഴിഞ്ഞ കാലവർഷത്തിൽ ഇവിടെനിന്ന് മണ്ണ് നീക്കംചെയ്തിരുന്നു. പിന്നാലെ മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. റവന്യൂ അധികൃതർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് പ്രദേശത്തെ അപകടസാധ്യത വിലയിരുത്തിയിരുന്നു. ദേശീയപാതയോടു ചേർന്ന് മണ്ണ് ചേർന്ന് മണ്ണ് നീക്കംചെയ്ത ഭാഗത്ത് വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവിടെ കോൺക്രീറ്റ് ചെയ്ത് സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുമെന്നുറപ്പാണ്. കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനുപകരം നിലവിൽ ചെങ്കല്ലുള്ള ഭാഗങ്ങളിൽ കുഴികൾ നിർമിക്കുകയാണ് ചെയ്യുന്നത്.
അഴിയൂർ റീച്ചിൽ നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അഴിയൂർ മുതൽ ചോറോട് വരെയുള്ള ഭാഗങ്ങളിൽ പ്രവൃത്തിക്ക് വേഗം കൈവരിച്ചിട്ടുണ്ട്. അഴുക്കുചാലുകളുടെയും ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയും ഉൾപ്പെടെ ദ്രുതഗതിയിലാണ് നടക്കുന്നത്. ചിലയിടങ്ങളിൽ ആറുവരിപ്പാത ഒരുങ്ങിയിട്ടുണ്ട്. ഇതോടൊപ്പം കൈനാട്ടി, പെരുവാട്ടും താഴെ മേൽപാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. രണ്ടിടങ്ങളിലും ഗർഡറുകൾ സ്ഥാപിച്ച് അനുബന്ധ പ്രവൃത്തികളാണ് നടക്കുന്നത്. ജില്ലയിൽ അഴിയൂർ ബൈപാസ്, മൂരാട് മുതല്‍ പാലോളിപ്പാലം, രാമനാട്ടുകര മുതല്‍ വെങ്ങളം എന്നിങ്ങനെ മൂന്നു റീച്ചുകളായാണ് ദേശീയപാതയുടെ നിർമാണം നടക്കുന്നത്. രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ 102 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത 66 കടന്നുപോകുന്നത്. നിർമാണ പുരോഗതിക്കൊപ്പം പരാതികളുടെ പെരുമഴയുമാണ്. ജനങ്ങൾ ഉയർത്തുന്ന ന്യായമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞാൽ ദേശീയപാത നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.