കോഴിക്കോട് : രാമനാട്ടുകര – വെങ്ങളം ബൈപാസ് വിഷുവിനു മുൻപു ഗതാഗതത്തിനു പൂർണമായും തുറക്കും. ഒരാഴ്ച മുൻപാണ് മലാപ്പറമ്പ് – വെങ്ങളം റീച്ച് 6 വരി തുറന്നത്. മലാപ്പറമ്പ് ജംക്ഷനിൽ 15 മീറ്റർ താഴ്ത്തിയാണു ദേശീയപാത നിർമിച്ചത്. ഈ ഭാഗത്തു 350 മീറ്റർ ടാറിങ് 3 വരി പൂർത്തിയാകാനുണ്ട്. മണ്ണു മാറ്റി റോഡ് കോൺക്രീറ്റ് ചെയ്തു ടാർ എമൽഷൻ പൂർത്തിയായി. ഇന്നു പകൽ മഴയില്ലെങ്കിൽ രാത്രിയോടെ ടാറിങ് പൂർത്തിയായി ഞായറാഴ്ച രാവിലെ ഗതാഗതത്തിനു തുറക്കുമെന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതോടെ രാമനാട്ടുകര മുതൽ തിരുവങ്ങൂർ വരെ ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങൾക്കു സുഗമമായി യാത്ര ചെയ്യാം.മലാപ്പറമ്പ് ഒഴികെ 6 വരി റോഡ് തുറന്നതോടെ മലാപ്പറമ്പ് ജംക്ഷനിൽ രാവിലെ മുതൽ ഗതാഗതക്കുരുക്കാണ്. വാഹന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കുരുക്കിനു ശമനമില്ല. തുടർന്നു മലാപ്പറമ്പ് ഓവർപാസിന് അടിയിൽ 3 വരി റോഡ് യുദ്ധകാലാടിസ്ഥനത്തിൽ മണ്ണു മാറ്റി കോൺക്രീറ്റ് ചെയ്തു റോഡ് ഗതാഗതത്തിനു സൗകര്യം ഒരുക്കുകയായിരുന്നു.
ദേശീയപാത തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നു ട്രാഫിക് പൊലീസ് പറഞ്ഞു. വടക്കൻ ജില്ലയിലേക്കുള്ള ചരക്കു വാഹനങ്ങൾ നിലവിൽ മീഞ്ചന്ത വഴി ബീച്ച് റോഡ്, പുതിയാപ്പ, കണ്ണൂർ റോഡ് വഴിയാണ് സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ പാളയം – ഫറോക്ക് റോഡ് ഗതാഗതക്കുരുക്കുണ്ടാകുന്നുണ്ട്.ദേശീയപാത തുറക്കുന്നതോടെ ചരക്കു വാഹനങ്ങളും വടക്കു ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങളും ദേശീയപാത വഴി തിരിച്ചു വിടും. ദേശീയപാതയിൽ തെരുവു വിളക്കുകളും സ്ഥലനാമ ദിശാ ബോർഡുകളും ട്രാഫിക് സൈൻ ബോർഡുകളും സ്ഥാപിക്കുന്നുണ്ട്. വെങ്ങളം മുതൽ മലാപ്പറമ്പ് വരെ സർവീസ് റോഡിൽ നിന്നു കയറാൻ അമ്പലപ്പടി, വേങ്ങേരി, മലാപ്പറമ്പ് പ്രോവിഡൻസ് കോളജ് റോഡ് ജംക്ഷനിലും മാത്രമേ സൗകര്യമുള്ളു.