ദേശീയപാത വികസനം: തിക്കോടി ടൗണിൽ അടിപ്പാത വേണം; ജനകീയ കൺവെൻഷൻ ചേർന്നു

news image
Sep 7, 2026, 6:12 am GMT+0000 payyolionline.in

തിക്കോടി: ‘സഞ്ചാരസ്വാതന്ത്ര്യം ഔദാര്യമല്ല, അവകാശമാണ്’ എന്ന പ്രമേയമുയർത്തി ദേശീയപാത വികസനത്തിന്റെ ഭാഗമായി തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൺവെൻഷൻ ചേർന്നു. ജനപ്രതിനിധികളും ജനങ്ങളും പങ്കെടുത്ത കൺവെൻഷൻ അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ മുഖ്യാതിഥിയായി. ഇ.കെ. മുഹമ്മദ് വിഷയാവതരണം നടത്തി.

ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തുള്ള ജില്ലയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, കൊക്കനട്ട് നഴ്‌സറി, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നിർദിഷ്ട സ്റ്റേഡിയം, കോടിക്കൽ മിനി ഹാർബർ, കല്ലകത്ത് ഡ്രൈവ്-ഇൻ ബീച്ച്, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും, കിഴക്കുഭാഗത്തുള്ള ഗ്രാമപഞ്ചായത്ത് ഓഫീസ്, ആശുപത്രികൾ, കെ.എസ്.ഇ.ബി ഓഫീസ് എന്നിവടങ്ങളിലേക്കും ദിനംപ്രതി യാത്രചെയ്യുന്ന ആയിരക്കണക്കിന് നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും യാത്രാതടസ്സം നേരിടാതിരിക്കാൻ ടൗണിൽ അടിപ്പാത അത്യന്താപേക്ഷിതമാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.

ജനപ്രതിനിധികളായ പി.പി. കുഞ്ഞഹമ്മദ്, പി.കെ. മുഹമ്മദലി, കെ.പി. ഷക്കീല, എം.കെ. വഹീത, എ.വി. ഉസ്‌ന, വാസു മാസ്റ്റർ, സജ്‌ന ചെത്തിൽ, പ്രസീത ആളങ്ങാരി എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജയേന്ദ്രൻ തെക്കേക്കുറ്റി, ബിജു കളത്തിൽ, സഅദ് പുറക്കാട്, രവീന്ദ്രൻ, ശശി എടവനക്കണ്ടി, അഫ്സൽ കെ.പി., സുകുമാരൻ, ടി.പി. ശശി, അശോകൻ ശിൽപ, കെ.പി. രമേശൻ, പി.വി. അസീസ്, ശ്രീധരൻ ചെമ്പുഞ്ചില, ജലീൽ സഖാഫി എന്നിവർ സംസാരിച്ചു. റഫീഖ് തിക്കോടി സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe