ചെറുവത്തൂര്‍(കാസര്‍കോട്): ദേശീയപാത 66 ല്‍ പൂര്‍ത്തിയാക്കിയ റോഡില്‍ റോഡ് നിര്‍മാണത്തിലെ അപാകത്തെ തുടര്‍ന്ന് ടാറിട്ടത് പൊളിച്ചുനീക്കിത്തുടങ്ങി. നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ പിലിക്കോട് തോട്ടംഗേറ്റ് മേല്പാലത്തിന് തെക്ക് ഭാഗം പടുവളത്തിലാണ് ടാറിട്ടത് പൊളിച്ച് തുടങ്ങിയത്. ജൂലായിലാണ് ഇവിടെ ടാറിട്ടത്.
മഴയില്‍ റോഡ് അമര്‍ന്ന് വിള്ളല്‍ രൂപപ്പെട്ടിരുന്നു. ആരും കാണാതിരിക്കാന്‍ വിള്ളലില്‍ ടാറൊഴിച്ച് പ്ലാസ്റ്റിക് ഷീറ്റിട്ട് മറക്കുകയായിരുന്നു. അപാകം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പരാതിയുമായി രംഗത്തത്തെത്തി. ഇതേത്തുടര്‍ന്ന് ദേശീയപാതാ അതോറിറ്റിയുടെ ഉന്നതാധികാരസമിതി സ്ഥലം സന്ദര്‍ശിച്ചു.
പ്രവൃത്തി നിര്‍ത്തിവെക്കാനും മഴ നിലച്ചശേഷം ടാറിട്ടത് നീക്കംചെയ്ത് അപാകം പരിഹരിക്കാന്‍ കരാര്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് ടാറിട്ടത് ചൊവ്വാഴ്ചമുതല്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്.