ദേശീയ ചലച്ചിത്ര പുരസ്കാരം: ഇന്ദ്രൻസിന് പ്രത്യേക പരാമർശം; ഷാഹി കബീർ തിരക്കഥാകൃത്ത്

news image
Aug 25, 2023, 4:37 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ തെലുങ്ക്, ഹിന്ദി സിനിമകൾ മികവു കാട്ടിയ 2021 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിന് ഓണസമ്മാനങ്ങൾ. ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക പരാ‍മർശം നേടി. നവാഗത സംവിധായകന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം വിഷ്ണുമോഹൻ ഒരുക്കിയ മേപ്പടിയാനാണ്.

കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണു മികച്ച പരിസ്ഥിതി ചിത്രം. ‘നായാട്ട്’ എഴുതിയ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തായി. ‘ചവിട്ട്’ എന്ന സിനിമയിലൂടെ അരുൺ അശോകും കെ.പി.സോനുവും പ്രൊഡക്‌ഷൻ സൗണ്ട് റിക്കോർഡിസ്റ്റിനുള്ള പുരസ്കാരം നേടി. റോജിൻ പി.തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ് മികച്ച മലയാളം സിനിമ.

നമ്പി നാരായണന്റെ കഥ പറഞ്ഞ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’  മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്കമാലി ആസ്ഥാനമായ മൂലൻസ് ഗ്രൂപ്പിലെ വർഗീസ് മൂലനും വിജയ് മൂലനും നടൻ മാധവനൊപ്പം ചേർന്നാണ് റോക്കട്രി നിർമിച്ചത്.

 

‘പുഷ്പ’യിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ആലിയ ഭട്ട് (ഗംഗുഭായി കാത്തിയവാഡി), കൃതി സനൻ (മിമി) എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മറാഠി ചിത്രം ഗോദാവരി (ദ് ഹോളി വാട്ടർ) സംവിധാനം ചെയ്ത നിഖിൽ മഹാജനാണു മികച്ച സംവിധായകൻ. പല്ലവി ജോഷി (ദ് കശ്മീർ ഫയൽ), പങ്കജ് ത്രിപാഠി (മിമി) എന്നിവരാണു മികച്ച സഹനടിയും നടനും.

നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രമായി ആർ.എസ്.പ്രദീപ് സംവിധാനം ചെയ്ത ‘മൂന്നാം വളവ്’ തിരഞ്ഞെടുക്കപ്പെട്ടു. അദിതി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ മികച്ച അനിമേഷൻ സിനിമയായി; മലയാളിയായ ജേക്കബ് വർഗീസ് സംവിധാനം ചെയ്ത കന്നഡ ഡോക്യുമെന്ററി ‘ആയുഷ്മാൻ’ മികച്ച പര്യവേക്ഷണ, സാഹസിക ചിത്രവും. റീ–റിക്കോർഡിസ്റ്റിനുള്ള അവാർഡ് ഉണ്ണിക്കൃഷ്ണനും (‘ഏക് ധാ ഗാവ്’ – ഹിന്ദി.) ഫൈനൽ മിക്സിങ്ങിനുള്ള അവാർഡ് സിനോയ് ജോസഫും നേടി (സർദാർ ഉധം – ഹിന്ദി). മികച്ച കന്നഡ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘777 ചാർലി’യുടെ സംവിധായകൻ കെ.കിരൺരാജ് മലയാളിയാണ്.

ഓസ്കറിൽ തിളങ്ങിയ രാജമൗലിയുടെ ‘ആർആർആർ’ ജനപ്രിയ ചിത്രമടക്കം 6 അവാർഡ് നേടിയപ്പോൾ സർദാർ ഉധം, ഗംഗുഭായ് കത്തിയവാഡി എന്നീ സിനിമകൾ 5 വീതം പുരസ്കാരങ്ങൾ  നേടി. വിവാദ സിനിമ ‘ദ് കശ്മീർ ഫയൽസ്’ ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരത്തിന് അർഹമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe