ധനികനായ യാചകൻ; ആസ്തി 7.5 കോടി, താമസം മുംബൈയിലെ ഫ്ലാറ്റിൽ

news image
Mar 12, 2024, 9:16 am GMT+0000 payyolionline.in

മുംബൈ: ഏഴരക്കോടി ആസ്തി, തൊഴിലാകട്ടെ മുംബൈയിൽ ഭിക്ഷാടനവും. താമസിക്കുന്നത് ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും. 54-കാരനായ ഭരത് ജെയിനാണ് ഈ കോടീശ്വരനായ യാചകൻ. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമാണ് ഈ രണ്ടുമുറി ഫ്ലാറ്റിൽ കഴിയുന്നത്. അദ്ദേഹത്തിന്‍റെ മറ്റ് കുടുംബാംഗങ്ങൾ സ്റ്റേഷനറി കട നടത്തുകയാണ്.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷൻ പരിസരത്തും ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിലുമാണ് ഭരത് ജെയിൻ ഭിക്ഷാടനം നടത്തുന്നത്. പ്രതിദിനം 2000 രൂപ മുതൽ 2500 വരെയാണ് ഇതുവഴി നേടുന്നത്. ഒരു മാസത്തെ ഭിക്ഷാടന വരുമാനം 60,000 മുതൽ 75,000 രൂപ വരെ. അവധികളോ ഇടവേളകളോ എടുക്കാതെ ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ ഇയാൾ ഭിക്ഷാടനത്തിലേർപ്പെടും.

ഇത് കൂടാതെ താനെയിൽ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും ലഭിക്കുന്നുണ്ട്. മക്കൾ പഠിക്കുന്നതാകട്ടെ ഭീമമായ തുക കൊടുത്ത് കോൺവെന്‍റ് സ്കൂളിലും. ഭിക്ഷാടനശീലം അവസാനിപ്പിക്കാൻ കുടുംബം പലപ്പോഴും ഉപദേശിക്കാറുണ്ടെങ്കിലും ശീലമായ ജീവിതചര്യയിൽ നിന്ന് പിന്മാറാൻ ജെയിൻ തയ്യാറല്ല. 40 വർഷത്തിലേറെയായി ഇയാൾ മുംബൈ തെരുവിൻ യാചിക്കാൻ തുടങ്ങിയിട്ട്. താൻ യാചിക്കുന്നത് പണത്തിന് വേണ്ടിയല്ല മറിച്ച് ചെയ്യുന്ന പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ടാണെന്നും ജെയിൻ പറയുന്നു. താനൊരു അത്യാഗ്രഹിയല്ലെന്നും കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് ക്ഷേത്രങ്ങൾക്കും ചാരിറ്റികൾക്കും സംഭാവന ചെയ്യുന്നുണ്ടെന്നും ഇയാൾ പറയുന്നു.

രാജ്യത്തെ ഭിക്ഷാടന വ്യവസായം ഏകദേശം ഒന്നരലക്ഷം കോടിയോടടുത്തുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe