തിരുവനന്തപുരം: പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിങ്ങളുടെ ഭാഗത്ത് നിന്നുള്ള പോരായ്മകൾ ചോദ്യം ചെയ്യപ്പെടും. തിരുവന്തപുരം നഗര മധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളതുകൊണ്ടാണ് യോഗങ്ങൾ പലതും ചേരാൻ കഴിയാഞ്ഞതെന്ന് മന്ത്രി എംബി രാജേഷ് മറുപടി നൽകി. മഴപെയ്താൽ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്നും എംബി രാജേഷ് പറഞ്ഞു. ഇതോടെ മന്ത്രിക്ക് മറുപടിയുമായി സതീശൻ രംഗത്തെത്തി. യോഗം കൂടിയതിന്റെ കണക്കല്ല പറയേണ്ടത്. യോഗം ചേരുന്നതിന് മാത്രമാണ് കമ്മീഷന്റെ വിലക്ക് ഉണ്ടായിരുന്നത്. മഴക്കാലപൂർവ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ല. സംസ്ഥാനത്ത് മലിന ജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പൊതുജനാരോഗ്യത്തിൽ സർക്കാരിന് ശ്രദ്ധയില്ലെന്നും വിഡി സതീശൻ പറഞ്ഞു.