കൊൽക്കത്ത: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ചശേഷം ബലാത്സംഗം ചെയ്തത് മനുഷ്യത്വരഹിതമാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മണിപ്പൂർ സമരനായിക ഇറോം ശർമിള. നഗ്ന പരേഡിന്റെ വിഡിയോ കണ്ട് തനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. പരാജയം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി ബിരേൻ സിങ് മണിപ്പൂർ ജനതയോട് മാപ്പുപറയണമെന്നും ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്ന ഇറോം ശർമിള ആവശ്യപ്പെട്ടു.
മണിപ്പൂർ സർക്കാർ സമ്പൂർണ പരാജയമാണെന്ന് വ്യക്തമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. മണിപ്പൂർ ജനതയുടെ കാര്യത്തിൽ അദ്ദേഹത്തിന് വേദനയുണ്ടെങ്കിൽ എത്രയും വേഗം ഇടപെടണം.
ഗുജറാത്ത് ജനതക്കൊപ്പം മണിപ്പൂരുകാർക്കും അദ്ദേഹത്തിന്റെ നേതൃമികവ് ആവശ്യമുണ്ട്. മുഖ്യമന്ത്രി 60 എം.എൽ.എമാരെയും വിളിച്ച് വിഷയങ്ങൾ ചർച്ച ചെയ്ത് ഇരുവിഭാഗങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കണം.
ഇന്റർനെറ്റ് നിരോധിക്കുന്നത് അക്രമങ്ങൾ തടയാൻ പര്യാപ്തമല്ല. സംഭവം നടക്കുമ്പോൾ ഇന്റർനെറ്റ് നിരോധനം ഇല്ലായിരുന്നുവെങ്കിൽ ഇരകൾക്ക് നേരത്തേ നീതി ലഭിക്കുമായിരുന്നു, കുറ്റവാളികൾ ശിക്ഷിക്കപ്പെടുമായിരുന്നു. പിടിയിലായവർക്ക് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ നൽകണമെന്നും ഇറോം ശർമിള ആവശ്യപ്പെട്ടു.