‘നടന്റെ പേരോ സിനിമയുടെ പേരോ ഞാനായിട്ട് വെളിപ്പെടുത്തിയിട്ടില്ല’; പൊലീസിൽ പരാതി നൽകില്ലെന്നും വിൻസി അലോഷ്യസ്

news image
Apr 17, 2025, 8:23 am GMT+0000 payyolionline.in

കോഴിക്കോട്: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച നടന്റെ പേരോ സിനിമയുടെ പേരോ താനായിട്ട് വെളിപ്പെടുത്തിയിട്ടില്ലെന്നും രഹസ്യമായി നൽകിയ പരാതി പുറത്തുവിട്ടത് ശരിയായില്ലെന്നും നടി വിൻസി അലോഷ്യസ്. സിനിമാരംഗത്ത് എന്തെങ്കിലും വ്യത്യാസം വരണമെന്ന് ആഗ്രഹിക്കുന്നു. അല്ലാതെ നടനെ വേറെ എന്തെങ്കിലും തരത്തിൽ നേരിടാൻ താൽപര്യമില്ല. പൊലീസിൽ പരാതി നൽകില്ലെന്നും വിൻസി വ്യക്തമാക്കി. നടൻ ഷൈൻ ടോം ചാക്കോക്കെതിരെ ഫിലിം ചേമ്പറിൽ നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് വിൻസിയുടെ പ്രതികരണം.

“സിനിമ ഏതെന്നോ നടനാരെന്നോ ഞാനായിട്ട് വെളിപ്പെടുത്തിയിട്ടില്ല. രഹസ്യമായി നൽകിയ പരാതി എങ്ങനെ പുറത്തുവന്നെന്ന് അറിയില്ല. സിനിമക്കെതിരെയല്ല, ആ നടനെതിരെ മാത്രമാണ് പരാതി. സെറ്റിൽ എന്നോട് ഏറ്റവും മര്യാദയോടെയാണ് മറ്റോല്ലാവരും പെരുമാറിയിട്ടുള്ളത്. പരാതി കൊടുക്കണമെന്ന് ആദ്യം കരുതിയിരുന്നില്ല. എന്നാൽ നിലപാട് വ്യക്തമാക്കി പോസ്റ്റിട്ടത് വലിയ വാർത്തയായി. അപ്പോൾ അതിൽ അന്വേഷണം നടത്താൻ ഉത്തരവാദപ്പെട്ടവരുണ്ട്. അതിനു വേണ്ടി പരാതി നൽകണമെന്നുണ്ട്.

പരാതിക്കാസ്പദമായ സിനിമാ സെറ്റിൽ പരാതിപരിഹാര സമിതി ഉണ്ടായിരുന്നു. അവർ അന്നുതന്നെ വിഷയത്തിൽ ഇടപെട്ടിരുന്നു. അന്ന് പരാതിയില്ലെന്ന് ഞാൻ അവരോട് പറയുകയും ചെയ്തിരുന്നു. ലഹരിക്കെതിരെ ഒരു പോസ്റ്റ് പങ്കുവെക്കുമ്പോൾ അതിനെ ആളുകൾ സ്വീകരിക്കുന്ന രീതിയാണ് തുടർനടപടികൾ സ്വീകരിക്കാൻ നിർബന്ധിതയാക്കിയത്. ഞാനായിട്ട് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ആവശ്യപ്പെട്ടാൽ മൊഴി നൽകാൻ തയാറാണ്.

ഫിലിം ചേമ്പറിൽ പരാതി നൽകിയപ്പോൾ സിനിമയുടെയോ നടന്റെയോ പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ അവർ പുറത്തു പറഞ്ഞെങ്കിൽ അത് ബോധമില്ലായ്മയാണ്. സിനിമാരംഗത്ത് എന്തെങ്കിലും വ്യത്യാസം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അല്ലാതെ ആ നടനെ വേറെ എന്തെങ്കിലും തരത്തിൽ നേരിടാൻ താൽപര്യമില്ല” -വിൻസി വ്യക്തമാക്കി.

അതേസമയം, ഷൈൻ ടോം ചാക്കോയെ താരസംഘടനയായ അമ്മ പുറത്താക്കുമെന്നും വിവരമുണ്ട്. ഇതിനുള്ള നടപടികൾ അമ്മ സംഘടന ആരംഭിച്ചു. അഡ്ഹോക് കമ്മിറ്റി ചേർന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നാണ് സൂചന. സിനിമ സെറ്റിൽ വെച്ച് നടൻ ലഹരിമരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറി എന്നാണ് വിൻസി പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ ​വെളിപ്പെടുത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe