തിരുവനന്തപുരം: നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. കൂപട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്. അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. അച്ചുവിനോപ്പം പാർട്ടി ഉറച്ചു നിൽക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു
ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി. പ്രസാദ് രംഗത്തെത്തി. കൃഷ്ണ പ്രസാദിന്‍റെ കാര്യം തന്നെയാണ് ജയസൂര്യ വേദിയിൽ പറഞ്ഞത്. പൊതുവായി പറഞ്ഞത് എന്ന് ഇപ്പോൾ പറയുന്നത് ജാള്യത മറയ്ക്കാനാണ്. ജയസൂര്യയെ പോലെ സീസണലായി കർഷകരുടെ പ്രശനങ്ങൾ അറിയുന്നവർ അല്ല ഇവിടത്തെ പൊതു പ്രവർത്തകർ. ഞങ്ങൾക്ക് കർഷകരുടെ ദുരിതം നന്നായി അറിയാമെന്നും മന്ത്രി പറഞ്ഞു.