ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ കഴിവതും വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി വിചാരണക്കോടതിയോടു നിർദേശിച്ചു. 8 മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് അംഗീകരിച്ച കോടതി, മാർച്ച് 31 വരെ സമയം അനുവദിച്ചു.
ഇതിനിടെ, കേസ് വൈകിപ്പിക്കുന്നതു നടൻ ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി. സമയം നീട്ടിച്ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ അഭിഭാഷകൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വിചാരണയ്ക്കു സമയപരിധി നിശ്ചയിച്ചു വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന കേസിലെ പ്രതി നടൻ ദിലീപിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.
6 പേരുടെ വിചാരണ പൂർത്തിയാവാനുണ്ടെന്നും അതിനു മാത്രം മൂന്ന് മാസത്തിലേറെയെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് 8 മാസം കൂടി സമയം തേടിയത്. 5 സാക്ഷികളുടെ മൊഴിയെടുത്ത ഒരു മജിസ്ട്രേട്ടും 2 അന്വേഷണ ഉദ്യോഗസ്ഥരും ഉൾപ്പെടെ 6 പേരുടെ സാക്ഷിവിസ്താരമാണ് പൂർത്തിയാവാനുള്ളത്. ജൂലൈ 31നകം വിചാരണ പൂർത്തിയാക്കാൻ ശ്രമിക്കാനായിരുന്നു കഴിഞ്ഞ മേയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നത്.