കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഉപഹരജി ഹൈകോടതി തള്ളി. മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി നൽകിയ ഉപഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് വിധി പുറപ്പെടുവിച്ചത്.
മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന ജില്ല ജഡ്ജിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഹൈകോടതിയുടെ മേൽനോട്ടത്തിൽ ഐ.ജി തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉപഹരജി സമർപ്പിച്ചത്. എന്നാൽ, പ്രധാന ഹരജിയായി നൽകണമെന്നും അതിന് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഉപഹരജി തള്ളിയത്. പ്രധാന ഹരജിയായി പരിഗണിക്കേണ്ട വിഷയം ഉപഹരജിയായി നൽകിയാൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവിട്ടത്.
കോടതിയിൽ സൂക്ഷിച്ചിരുന്ന കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ നൽകിയ ഹരജിയിൽ ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് പരിശോധിച്ച് റിപ്പോർട്ട് നൽകി. കാർഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്.
ഈ റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ട് നിലനിൽക്കുന്നതല്ലെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാരിയും ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ സീനിയർ ക്ലർക്ക്, വിചാരണ കോടതിയിലെ ശിരസ്താർ എന്നിവർ വിവിധ കോടതികളിലായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചത്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് നടി ഹൈകോടതിയെ സമീപിച്ചത്.
ഉപഹരജി നൽകിയ നടപടിക്കെതിരെ അപ്പീൽ നൽകാനോ പ്രധാന ഹരജിയായി നൽകാനോ ഉള്ള സാധ്യത പരിശോധിക്കുമെന്ന് നടിയുടെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.