നടുവേദനയ്ക്കു പിന്നിൽ കരൾ രോഗമോ? അരക്കെട്ടിലോ വശങ്ങളിലോ ആണോ വേദന, കാരണമറിയാം!

news image
Jul 25, 2025, 6:14 am GMT+0000 payyolionline.in

ഒരിക്കലെങ്കിലും നടുവേദന വരാത്തവരായി ആരുമുണ്ടാവില്ല. നടുവേദന അല്ലെങ്കിൽ പുറംവേദന എപ്പോഴും പേശികളുമായി ബന്ധപ്പെട്ടതാവണമെന്നില്ല. വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടും നടുവേദന വരാം. വേദനയുടെ രീതി, വേദന വരുന്ന സ്ഥലം, പനി, മഞ്ഞപ്പിത്തം, ശ്വസനപ്രശ്നങ്ങൾ തുടങ്ങിയ മറ്റ് ലക്ഷണങ്ങൾ മനസ്സിലാക്കിയാണ് വേദനയുടെ കാരണം കണ്ടെത്തുന്നത്. ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ട് പലതരം നടുവേദന ഉണ്ടാകാം. അവ ഏതൊക്കെ എന്നറിയാം.

  1. ചുമയ്ക്കുമ്പോ ള്ള നടുവേദന
    ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ദീർഘമായി ശ്വസിക്കുമ്പോഴോ ഉണ്ടാകുന്ന നടുവേദന വൃക്കകളുമായോ ശ്വാസകോശത്തിലെ ഇൻഫ്ലമേഷൻ മൂലമോ അണുബാധകൾ മൂലമോ ആവാം. ശ്വാസകോശം വികസിക്കുമ്പോൾ ന്യുമോണിയ മൂലമോ പ്ലൂറസി മൂലമോ ശ്വാസകോശത്തിന്റെ ആവരണങ്ങളിൽ വീക്കം വരാം. ഇത് പുറത്തിന് കുത്തുന്ന പോലുള്ള വേദനയുണ്ടാക്കും. (ശ്വാസകോശത്തെ നെഞ്ചിന്റെ ഭിത്തിയിൽ നിന്ന് വേർതിരിക്കുന്ന പാളികളായ പ്ലൂറയ്ക്ക് വീക്കം സംഭവിക്കുന്ന അവസ്ഥയാണ് പ്ലൂറസി) വൃക്കകളിലുണ്ടാകുന്ന അണുബാധയും വേദനയ്ക്കു കാരണമാകുന്നു. ചുമയ്ക്കുമ്പോൾ ഉണ്ടാകുന്ന ചലനങ്ങളും പ്രഷറിലുണ്ടാകുന്ന മാറ്റങ്ങളും ആണ് ഇതിനു കാരണം, വേദനയോടൊപ്പം പനി, ശ്വാസതടസ്സം, മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഇവയുണ്ടാവുകയാെണങ്കിൽ വൈദ്യസഹായം തേടണം.
  2. അരക്കെട്ട് വേദന
    താഴ്ന്ന പുറം വേദന അഥവാ അരക്കെട്ട് വേദന (lower back pain) വൃക്കരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. നട്ടെല്ലിന്റെ ഇരുവശങ്ങളിലും അരക്കെട്ടിനു ചുറ്റും ആവും വേദന വരുന്നത്. അണുബാധയോ വൃക്കയിൽ കല്ലോ ആവും ഇതിനു കാരണം. ഇടയ്ക്കിടെയുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, ഹെമറ്റ്യൂറി, പനി ഇതെല്ലാം ആണ് മറ്റ് ലക്ഷണങ്ങൾ. എല്ലുകൾക്കോ പേശികൾക്കോ ഉള്ള ക്ഷതം മൂലം ഉണ്ടാകുന്ന നടുവേദനയുമായി താരതമ്യപ്പെടുത്തിയാൽ വൃക്കത്തകരാറുമായി ബന്ധപ്പെട്ട നടുവേദന ആണെങ്കിൽ വിശ്രമിച്ചാലും ഇരിപ്പിന്റെ പൊസിഷൻ മാറ്റിയാലും ഒന്നും ആശ്വാസം കിട്ടില്ല.
  3. വശങ്ങക്കുണ്ടാകുന്ന വേദന
    ശരീരത്തിന്റെ ഒരു വശത്തോ രണ്ടു വശങ്ങളിലോ വയറിന്റെ മുകൾഭാഗത്തിനും പുറത്തിനും ഇടയ്ക്ക് ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും ഫ്ലാങ്ക് പെയ്ൻ എന്നറിയപ്പെടുന്നു. വൃക്കയിൽ കല്ല്, പൈലോനെഫ്രൈറ്റിസ് പോലുള്ള അണുബാധ തുടങ്ങിയവയാണ് ഇത്തരം വേദനയ്ക്ക് കാരണമാകുന്നത്. അടിവയറിലേക്കും അരഭാഗത്തേക്കും വേദന വ്യാപിക്കാം. വൃക്കകൾക്കാണ് പ്രശ്നമെങ്കിൽ ഈ വേദനയ്ക്കു പുറമെ പനി, ഓക്കാനം, ഛർദി, മൂത്രത്തിന്റെ അളവിലും നിറത്തിലും ഉള്ള മാറ്റം ഇവയും ഉണ്ടാകും. ഫ്ലാങ്ക് പെയ്ൻ മാറുന്നില്ലെങ്കിൽ വൈദ്യസഹായം തേടണം.
  4. പുറത്തിന്റെ വലതുവശത്ത് മുകഭാഗത്ത് വേദന
    പുറത്തിന്റെ വലതു മുകളിലായുണ്ടാകുന്ന(upper right) വേദന കരൾ രോഗത്തിന്റെ ലക്ഷണമാകാം. വലതു തോളിനു താഴെയാകും വേദന ഉണ്ടാകുക. വയറിന്റെ വലതു മുകളിലായാണ് കരൾ സ്ഥിതി ചെയ്യുന്നത്.ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ ഡിസീസ്, കരളിലെ ട്യൂമറുകൾ തുടങ്ങിയവ മൂലം ഉണ്ടാകുന്ന വീക്കമോ വികാസമോ (enlargement) മൂലമാകാം വേദന പുറത്തേക്ക് വ്യാപിക്കുന്നത്. ഇതോടൊപ്പം ക്ഷീണം, മഞ്ഞപ്പിത്തം, ഓക്കാനം, വയറുവീർക്കൽ തുടങ്ങിയവയും ഉണ്ടാകാം.
  5. 5. നടുവിനു മുകളിൽ മധ്യത്തിലായി വേദന
    നടുവിന്റെ മുകളിൽ മധ്യത്തിലായി (mid-upper back) ഉണ്ടാകുന്ന വേദന ശ്വാസകോശപ്രശ്നങ്ങൾ മൂലമാകാം. തോളെല്ലിന് ചുറ്റുമായും താഴെയും വേദന ഉണ്ടാകും. ന്യുമോണിയ, ശ്വാസകോശത്തിന്റെ ആവരണത്തിനുണ്ടാകുന്ന വീക്കമായ പ്ലൂറസി, പൾമണറി എംബോളിസം, ശ്വാസകോശാർബുദം ഇവ മൂലം പുറംവേദന ഉണ്ടാകാം. ഈ പുറംവേദനയോടൊപ്പം ശ്വസനപ്രശ്നങ്ങളായ നെ‍ഞ്ചിന് മുറുക്കം, ശ്വാസംമുട്ടൽ, ചുമച്ചു രക്തം പോകുക, കടുത്ത ചുമ എന്നിവയും ഉണ്ടാകാം.വ്യായാമം
    നടുവേദന കുറയ്ക്കാൻ വ്യായാമത്തിനു കഴിയും. എന്നാൽ ആദ്യം ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. നടുവേദന എന്തു കൊണ്ട് അപകടകാരിയാകുന്നു എന്നറിയാം. മിക്ക നടുവേദനയും അത്ര അപകടകരമല്ല. എന്നാൽ ചിലതാകട്ടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സൂചനയും ആണ്. തുടർച്ചയായി ഉണ്ടാകുന്ന കടുത്ത നടുവേദനയും അതോടൊപ്പം അകാരണമായി ശരീരഭാരം കുറയുക, പനി, ബവൽ കൺട്രോൾ നഷ്ടപ്പെടുക, കാലുകൾക്ക് ബലക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടെങ്കിൽ അത് അണുബാധ, ട്യൂമർ, നെർവ് കംപ്രഷൻ, പൊട്ടൽ ഇവയുടെ ലക്ഷണമാകാം. ഈ ലക്ഷണങ്ങളെ അവഗണിച്ചാൽ അത് രോഗനിർണയം വൈകാനും പരിഹരിക്കാൻ പറ്റാത്തവിധം ക്ഷതങ്ങൾ ഉണ്ടാകാനും കാരണമാകും.

    ദിവസവും 15 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
    വിശ്രമിക്കുക, ഹോട്ട്/ കോൾഡ് തെറാപ്പി, സ്ട്രെച്ചിങ്ങ് ഇവയിലൂടെ ചെറിയ നടുവേദനയ്ക്ക് ആശ്വാസം ലഭിക്കും. ഗുരുതരമായ കടുത്ത നടുവേദന, വേദനസംഹാരികൾ, പതിവായ വ്യായാമം, ശരിയായ നില (posture), നട്ടെല്ലിന് ശക്തിയേകുക ഇതിലൂടെ കുറയ്ക്കാൻ സാധിക്കും. ഇതും ഫലപ്രദമായില്ലെങ്കിൽ വൈദ്യസഹായം തേടണം. മരുന്ന്, കുത്തിവയ്പ്, ഫിസിയോതെറാപ്പി എന്നിവയിലൂടെയും അതുമല്ലെങ്കിൽ സ്പൈനൽ ഫ്യൂഷൻ ഡിസക്ടമി തുടങ്ങി ശസ്ത്രക്രിയയിലൂടെയും നടുവേദന അകറ്റാം. ശരിയായി ഇരിക്കാത്തതും നല്ല ഉറക്കം ലഭിക്കാത്തതും നടുവേദനയ്ക്ക് കാരണമാകാം. സ്ട്രെച്ചിങ്ങ് ഒരു പരിധി വരെ നടുവേദനയ്ക്ക് ആശ്വാസം നൽകും.

  6. നടുവേദന അകറ്റാൻ യോഗ
    നടുവേദന അകറ്റാൻ യോഗ സഹായിക്കും. സപ്പോർട്ടിങ് മസിലുകളെ ശക്തിപ്പെടുത്താനും വഴക്കം (flexibility) മെച്ചപ്പെടുത്താനും എല്ലാം യോഗയ്ക്ക് കഴിയും. ക്യാറ്റ് കൗ പോസ് (cat cow pose), ബാലാസനം, ശലംബഭുജംഗാസനം (sphinx pose) ഇവ നട്ടെല്ലിന് ആയാസം കുറയ്ക്കും. അധോമുഖശ്വാനാസനം (Dog pose), സേതുബന്ധാസനം, ത്രികോണാസനം ഇവ കോർ, തുടയുടെ പിൻഭാഗത്തെ മസിലുകളെയും നിതംബ പേശികളെ (glutes) ശക്തിപ്പെടുത്തും. നട്ടെല്ലിന്റെ സപ്പോർട്ടിന് ഇവ പ്രധാനമാണ്. നടുവേദന തടയാനും നട്ടെല്ലിന്റെ ചലനം ആയാസരഹിതമാക്കാനും പുറത്തെ പേശികളുടെ സ്റ്റിഫ്നെസ് കുറയ്ക്കാനും എല്ലാം യോഗ സഹായിക്കും. വിട്ടുമാറാത്ത നടുവേദന ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe