ഇടുക്കി: നാടക ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. വ്യത്യസ്‌തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 800 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 4000ത്തോളം നാടകങ്ങളിലും അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2016ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാന ചിത്രം.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. രവീന്ദ്രൻ നായരെന്നാണ് യഥാർഥ പേര്. വേലുത്തമ്പിദവളയായിരുന്നു ആദ്യ ചിത്രം. ഡാർവിന്റെ പരിണാമം, കൊന്തയും പൂണൂലും, തസ്കര വീരൻ, മഹാസമുദ്രം, കിളിച്ചുണ്ടൻ മാമ്പഴം, കിലുക്കം, അക്കരെ നിന്നൊരു മാരൻ, കള്ളൻ കപ്പലിൽതന്നെ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, സ്വപ്നമേ നിനക്ക് നന്ദി, പുത്തരിയങ്കം, തച്ചോളി അമ്പു എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: ലക്ഷ്മി, ഹരികുമാർ.