ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നടൻ മന്‍സൂര്‍ അലി ഖാന് ആശ്വാസം. ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കി കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൻസൂറിന്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. തൃഷ അടക്കമുള്ള താരങ്ങൾക്കെതിരെ നൽകിയ മാനനഷ്ട കേസിലാണ് മൻസൂർ അലി ഖാന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. കോടതി സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് പിഴ ചുമത്തിയത്.
നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായ ഘട്ടത്തിലാണ് മൻസൂർ അലി ഖാന്‍ മാനനഷ്ട കേസ് നല്‍കിയത്. അപകീര്‍ത്തിപരമായ പ്രസ്താവനയിലൂടെ തനിക്കാണ് നഷ്ടം സംഭവിച്ചതെന്ന് കാട്ടി നടന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനും യഥാര്‍ത്ഥത്തില്‍ മൻസൂറിന് എതിരെയാണ് കേസ് എടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ കോടതി നടനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. അതോടൊപ്പം തന്നെ എത്രയും വേഗം ഈ തുക അടയാറിനെ ക്യാന്‍സര്‍ സെന്‍ററില്‍ അടക്കാനും നിര്‍ദ്ദേശം ഉണ്ടായിരുന്നു. അന്ന് മൻസൂർ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ ഏതാനും നാളുകള്‍ക്ക് ശേഷം തന്‍റെ പക്കല്‍ പണമില്ലെന്നും പത്ത് ദിവസം കൂടി സാവകാശം നല്‍കണമെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു മൻസൂർ അലി ഖാന്‍. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിംഗില്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ മൻസൂർ അലി ഖാന്‍ സമീപിച്ചത്. തനിക്കെതിരെ ചുമത്തിയ പിഴ റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. ഈ ഹർജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.