നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

news image
Dec 11, 2024, 5:21 am GMT+0000 payyolionline.in

ലക്നൗ: ബോളിവുഡ‍് നടൻ സുനിൽ പാലിനെ തട്ടിക്കൊണ്ടുപോയി പണം ചോദിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ സമാനമായ അനുഭവം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി മറ്റൊരു നടൻ കൂടി. ബോളിവുഡ് നടൻ മുഷ്താഖ് ഖാനാണ് തന്നെ ഡൽഹി – മീററ്റ് ഹൈവേയിൽ വെച്ച് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി വെച്ചുവെന്നും പണം ചോദിച്ചുവെന്നും വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉത്തർപ്രദേശിലെ ബിജ്നോർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എഫ്ഐആറിലെ വിവരമനുസരിച്ച് നവംബ‍ർ 20നാണ് സംഭവം നടന്നത്. മീററ്റിൽ വെച്ച് നടക്കാനിരുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനായി വാഹനത്തിൽ യാത്ര ചെയ്യവെ ഡൽഹി – മീററ്റ് ഹൈവേയിൽ വെച്ച് മുഷ്താഖ് ഖാനെ കാറിൽ നിന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. മുഷ്താഖ് ഖാന്റെ ഇവന്റ് മാനേജറാണ് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രാഹുൽ സൈനി എന്നയാളാണ് മുഷ്താഖ് ഖാനെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചത്. മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങാണെന്നാണ് അറിയിച്ചത്. അഡ്വാൻസായി 50,000 രൂപയും നൽകി. ശേഷം ഈ പരിപാടിയിൽ പങ്കെടുക്കാനായി വാഹനത്തിൽ മീററ്റിലേക്ക് സ‌‌ഞ്ചരിക്കവെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ബന്ധിയാക്കുകയും പണം ചോദിക്കുകയും ചെയ്തുവെന്നാണ് പരാതി.

സമാനമായ സംഭവം ഏതാനും ദിവസം മുമ്പ് ഹാസ്യതാരമായ സുനിൽ പാലും വെളിപ്പെടുത്തിയിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കാനായി വിളിച്ചുവരുത്തിയ ശേഷം അവിടെയെത്തിയപ്പോൾ അതൊരു തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നു എന്ന് ബോധ്യപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖംമൂടി ധരിച്ച ചിലരെത്തി കണ്ണു കെട്ടിയ ശേഷം മറ്റൊരിടത്തേക്ക് കൊണ്ടുപോയി.

ഒന്നര മണിക്കൂറോളം യാത്ര ചെയ്തെങ്കിലും തന്നെ ഉപദ്രവിച്ചില്ലെന്ന് സുനിൽ പാൽ പറഞ്ഞു. ഉപദ്രവിക്കണമെന്ന് ഉദ്ദേശമില്ലെന്നും പണം വേണമെന്നുമാണ് സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞത്. ആദ്യം 20 ലക്ഷം ചോദിച്ചു. പിന്നീട് ഇത് 10 ലക്ഷമാക്കി. തന്റെ സുഹൃത്തുക്കളുടെ നമ്പറുകൾ വാങ്ങി. ഒടുവിൽ 7.50 രൂപ കൊടുത്തപ്പോൾ വൈകുന്നേരം 6.30ഓടെ തന്നെ മീററ്റിലെ ഹൈവേയ്ക്ക് സമീപം ഇറക്കി വിടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മുഖം മറച്ചിരുന്നതിനാൽ ആരെയും തിരിച്ചറിയാൻ സാധിച്ചില്ല. 24 മണിക്കൂറിനുള്ളിൽ എല്ലാം സംഭവിച്ച് കഴിഞ്ഞു. കടുത്ത സമ്മർദത്തിലായിരുന്നതിനാൽ ഒന്നും കൃത്യമായി ഓ‍ർക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രമാണ് തന്റെ കണ്ണിലെ കെട്ട് അഴിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് നേരത്തെ സമാനമായ അനുഭവം നേരിട്ട മറ്റൊരു നടൻ കൂടി വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe