നന്തി : നന്തി ടൗണിൽ നാഷണൽ ഹൈവേ നിർമിക്കുന്ന 300 മീറ്റർ നീളവും 10 മീറ്റർ ഉയരവും 30 മീറ്റർ വീതിയുമുള്ള എംബാങ്ക് മെൻ്റിന് പകരം എലിവേറ്റഡ് ഹൈവെ നിർമ്മിക്കണമെന്ന ആവശ്യവുമായി എൻ എച്ച് 66 നന്തി ജനകീയ കമ്മറ്റി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം പ്രശസ്ത എഴുത്തുകാരനും ഗ്രന്ഥകാരനും സാമൂഹിക പ്രവർത്തകനുമായ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കനത്ത മഴ ലഭിക്കുന്ന പ്രദേശമായ ലക്ഷക്കണക്കിന് മണ്ണ് കൊണ്ട് നിർമ്മിക്കുന്ന എംമ്പാങ്ക്മെൻറ് തകരാനും നന്തി ടൗണിൽ വെള്ളം കയറാനുമുള്ള സാധ്യത കൂടുതലാണ്. പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള നിർമ്മാണരീതി കടുത്ത കുടിവെള്ളക്ഷാമവും കടുത്ത ചൂടും ഉണ്ടാക്കും എന്ന് നാരായണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
വൻകിട പദ്ധതികൾ ചെറിയ ശതമാനം മാത്രം ജനങ്ങൾക്ക് പ്രയോജനമാകുമ്പോൾ വലിയ ശതമാനം ജനങ്ങളെ ദുരിതത്തിലാക്കുകയാണ് പതിവ്. അത്തരം ശ്രമങ്ങളെ ജനകീയ പ്രക്ഷോഭങ്ങൾ കൊണ്ട് നേരിടണമെന്ന് സമരക്കാരെ അഭിവാദ്യം ചെയ്തു കൊണ്ട് എൻ വി ബാലകൃഷ്ണൻ പറഞ്ഞു.
നന്തി എന്ന പേര് കേന്ദ്ര മന്ത്രി നിതിൻ ഘട്കരിക്ക് മനസ്സിൽ ഉറച്ചു നിൽക്കുന്ന പേരാന്നെന്നും അത്രയും തവണ നന്തിയുടെ ആവശ്യം ഗഡ്കരിജിയോട് നേരിട്ടും പാർലമെന്റിലും പറഞ്ഞിട്ടുണ്ടെന്നും ഈ മാസം 23 , 24 തീയതികളിൽ കേന്ദ്ര മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ നന്തിക്കാരുടെ ആവശ്യത്തിനായി പരമാവധി ശ്രമിക്കുമെന്ന് സമരപ്പന്തൽ സന്ദർശിച്ച വടകര എം. പി ഷാഫി പറമ്പിൽ സമരക്കാരെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.
രാഷ്ട്രീയ സാംസ്കാരിക വ്യാപാര മേഖലയിലെ പ്രമുഖർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. നൂറുന്നിസ സ്വാഗതവും കുഞ്ഞമ്മദ് മുരളി അധ്യക്ഷതയും വഹിച്ചു. ടി കെ നാസർ , സത്യൻ മാസ്റ്റർ , രമേശൻ, മജീദ് ചോല , മൊയ്തു , അബുബക്കർ കാട്ടിൽ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി. 24 മണിക്കൂർ ഉപവാസം നടത്തുന്ന സിഹാസ് ബാബു, പി കെ സുരേഷ് , കെ പി അനിൽ കുമാർ , കെ ടി പ്രസാദ് എന്നിവരെ ഹാരാർപ്പണം നടത്തി അഭിനന്ദിച്ചു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            