നന്ദിനിയുടെ പേരിൽ വ്യാജ നെയ് നിർമാണം; ദമ്പതികൾ പിടിയിൽ

news image
Nov 28, 2025, 4:55 am GMT+0000 payyolionline.in

ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഉല്‍പാദിപ്പിക്കുന്ന നന്ദിനി ബ്രാൻഡിന്‍റെ പേരില്‍ വ്യാജ നെയ് റാക്കറ്റുമായി ബന്ധമുള്ള ദമ്പതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശികളായ ശിവകുമാർ, രമ എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികൾ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ഹൈടെക് സൗകര്യമുള്ള അനധികൃത നിർമാണ യൂനിറ്റ് നടത്തിയിരുന്നതായി കണ്ടെത്തി. സംഭവത്തിൽ കർണാടക മിൽക്ക് ഫെഡറേഷൻ ഉൽപന്നങ്ങളുടെ വിതരണക്കാരൻ ഉൾപ്പെടെ നാലുപേരെ സി.സി.ബി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളിലെ 60 ലക്ഷം രൂപ സി.സി.ബി മരവിപ്പിച്ചു. സി.സി.ബിയും കെ.എം.എഫിന്റെ വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ കെ.എം.എഫ് ഉൽപന്നങ്ങളുടെ വിതരണക്കാരനായ മഹേന്ദ്ര, മകൻ ദീപക്, തമിഴ്‌നാട്ടിൽനിന്നുള്ള മായം ചേർത്ത നെയ്യ് വിതരണത്തിന്‍റെ മേൽനോട്ടം വഹിച്ച മുനിരാജു, ഡ്രൈവർ അഭി അരസു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

1.26 കോടി രൂപ വിലമതിക്കുന്ന 8,136 ലിറ്റർ മായം ചേർത്ത നെയ്യ്, നാല് വാഹനങ്ങൾ, തേങ്ങ, പാം ഓയിൽ ശേഖരങ്ങള്‍ പിടിച്ചെടുത്തു. ഒരു ലിറ്റർ യഥാർഥ നെയ്യ് മൂന്ന് ലിറ്റർ വ്യാജ നെയ്യുമായി കലർത്തിയാണ് വ്യാജ നെയ്യ് നിർമിച്ചിരുന്നത്. നന്ദിനി ലോഗോ പതിച്ച പാക്കറ്റുകളിലും പ്ലാസ്റ്റിക് കുപ്പികളിലുമായാണ് വ്യാജ നെയ്യ് പായ്ക്ക് ചെയ്ത് ബംഗളൂരു ആസ്ഥാനമായ കെ.എം.എഫ് വിതരണക്കാർക്ക് നൽകിയത്. നഗരത്തിലുടനീളമുള്ള നന്ദിനി ഔട്ട്‌ലെറ്റുകൾ, മൊത്ത, ചില്ലറ വിൽപന കടകളിലും മായം ചേർത്ത ഉൽപന്നം വിതരണം ചെയ്തു. ചാമരാജ്പേട്ടയിലെ നഞ്ചംബ അഗ്രഹാരയിലുള്ള കൃഷ്ണ എന്റർപ്രൈസസിന്റെ ഗോഡൗണുകളും കടകളും റെയ്ഡ് ചെയ്ത് ചരക്ക് വാഹനങ്ങൾ പിടിച്ചെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe